ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അവയിലെ കോശങ്ങൾ അതിവേഗത്തിൽ വർധിക്കുകയും അടുത്തുള്ള കലകളിലേക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കും രക്തം വഴിയും മറ്റു മാർഗങ്ങൾ വഴിയും വ്യാപിക്കുകയുമാണ് അർബുദം എന്ന രോഗത്തിൽ സംഭവിക്കുന്നത്. രക്താർബുദത്തിൽ മാത്രം മുഴകൾ ആദ്യലക്ഷണമാകുന്നില്ല.
മുഴകളിൽതന്നെ, അർബുദമല്ലാത്ത നിരുപദ്രവകാരികളായവ, കാൻസർ ആയി മാറാൻ സാധ്യതയുള്ളവ, കാൻസർ തന്നെയായവ എന്നിങ്ങനെ വിവിധ തരങ്ങൾ. അതിനാൽ ശരീരത്തിൽ ഏതു ഭാഗത്തു മുഴ കണ്ടാലും അടിസ്ഥാനപരിശോധനകൾ ചെയ്തു രോഗമില്ലെന്നുറപ്പുവരുത്തേണ്ടതുണ്ട്.
എല്ലാ മുഴകളും നഗ്നനേത്രങ്ങൾക്കു ഗോചരമായവ ആകണമെന്നില്ല. ഉദാഹരണത്തിന്, ആന്തരാവയവങ്ങളിൽ ഉണ്ടാകുന്ന മുഴകൾ, ഗർഭപത്രത്തിലും അനുബന്ധഭാഗങ്ങളിലും വരുന്ന അർബുദം ഇവയൊക്കെ നേരിൽ കാണാവുന്നവയല്ല, എന്നാൽ ഇവയിലെല്ലാം പതിവില്ലാത്ത ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടെന്നതും പലപ്പോഴും ഈ ലക്ഷണങ്ങൾ അവഗണിക്കപ്പെടാറാണ് പതിവെന്നതും ദയനീയ വസ്തുതകളാണ്.
ലക്ഷണങ്ങൾ അവഗണിക്കരുത്
ഉദാഹരണത്തിന്, അകാരണമായി തുടരെ വന്നുകൊണ്ടിരിക്കുന്ന വേദന, അനവസരത്തിൽ ഉണ്ടാകുന്ന രക്തസ്രാവം, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന രക്തസ്രാവം, മാസമുറകൾക്കിടയിലോ മാസമുറ നിന്നതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം, അകാരണമായുണ്ടാകുന്ന ക്ഷീണം, വിശപ്പില്ലായ്മ, വിളർച്ച, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ് എന്നിവയൊക്കെ ഉടൻ ചികിത്സ തേടേണ്ട ലക്ഷണങ്ങളാണ് എന്ന അവബോധം സാമാന്യ ജനങ്ങൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
രോഗം വന്നുകഴിഞ്ഞാലും ഇന്ന് അസംഖ്യം സാധ്യതകളുണ്ട്. പല തരം കാൻസറുകളും ഇന്ന് പൂർണമായിത്തന്നെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയും. അതിന് ആദ്യം വേണ്ടത് കൃത്യ സമയത് ചികിത്സ തേടുക എന്നതാണ്. സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒറ്റമൂലികൾ, ഗുണഫലം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാ സങ്കേതങ്ങൾ എന്നിവ ഒഴിവാക്കി തീർത്തും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള രോഗചികിത്സ തേടണം.
ഇത്തരം ചികിത്സയ്ക്കിടയിൽ അല്പസ്വല്പമൊക്കെ പ്രയാസങ്ങൾ നേരിടുമെങ്കിലും അവയൊക്കെ താൽക്കാലികമാണെന്നറിയുക. ഛർദി, മുടി കൊഴിച്ചിൽ, ദേഹത്ത് വരുന്ന നിറവ്യത്യാസം തുടങ്ങിയ ഇത്തരം പ്രയാസങ്ങളൊക്കെ താൽക്കാലികവും എളുപ്പത്തിൽ പരിഹരിക്കാവുന്നവയുമാണ്.
വളരെ താമസിച്ചു മാത്രം ചികിത്സ തേടി വരുന്നവർക്കു വേണ്ടിയും ഇന്നു പലതും ചെയ്യാൻ കഴിയും. കാൻസർ ഉണ്ടാക്കുന്ന വേദനയ്ക്കും അസ്വസ്ഥതയ്ക്കുമൊക്കെ പരിഹാരമായി സാന്ത്വന ചികിത്സ അനുദിനം പുരോഗതി പ്രാപിക്കുന്നു.
എന്ത് ചെയ്യണം, എവിടെ പോകണം ?
രോഗനിർണയം, ചികിത്സ, തുടർ ചികിത്സ എന്നിവയിലൊക്കെ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ നിലവിൽ ഉള്ളതു കൊണ്ടും അവ അനുദിനം പുതുക്കുന്നതുകൊണ്ടും ലോകത്തെ മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും ഏകദേശം ഏകതാനമായ ചികിത്സ രീതികൾ തന്നെയാണ് അവലംബിച്ചു വരുന്നത്.
അതുകൊണ്ട്, ചികിത്സ എവിടെ വേണം എന്നതാലോചിച്ചു തല പുണ്ണാക്കാതെ ഏറ്റവും അടുത്ത കേന്ദ്രത്തിൽ എത്തുക എന്നതാണ് മുഖ്യം. കാൻസർ ചികിത്സ ഒരു ടീം വർക്ക് ആണ്. ട്യൂമർ ബോർഡ് എന്ന സംവിധാനം വഴി വിവിധ ഡോക്ടർമാർ ഒരുമിച്ചു ചർച്ച ചെയ്താണ് ഓരോ ഘട്ടത്തിലും തീരുമാനങ്ങൾ എടുക്കുന്നത്. ടെലികൺസൾട്ടേഷൻ, വീഡിയോ കോണ്ഫറൻസിംഗ് തുടങ്ങിയ നൂതന സങ്കേതങ്ങൾ വഴി ലോകത്തെവിടെയുള്ള വിദഗ്ധരുമായും നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടർക്ക് സംവദിക്കാൻ കഴിയും.
വിവരങ്ങൾ
ഡോ. വി. മോഹനൻ നായർ, ആരോഗ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, ചെയർമാൻ, പബ്ളിക് ഹെൽത്ത് ഇഷ്യൂസ് കമ്മിറ്റി, ഐഎംഎ സംസ്ഥാന ഘടകം.