മംഗളൂരു: യുവതികളെ മാനഭംഗപ്പെടുത്തിയ ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി സംഭവത്തിൽ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിന്(56) ഒരു കേസിൽ കൂടി വധശിക്ഷ. ഇതോടെ നാലു കേസുകളിൽ വധശിക്ഷയും 10 കേസുകളിൽ ജീവപര്യന്തവും അടക്കം 17 കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടു.ബണ്ട്വാൾ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റ് ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്നലെ വധശിക്ഷ വിധിച്ചത്. 2005 ഒക്ടോബർ 22നാണ് സംഭവം.
ശശികലയുമായി പരിചയം സ്ഥാപിച്ച മോഹൻ കുമാർ വിവാഹ വാഗ്ദാനം നൽകി. അയാളെ വിവാഹം ചെയ്യാനായി വീട്ടിൽ നിന്നും ഉണ്ടായിരുന്ന സ്വർണവുമെടുത്ത് ആരോടും പറയാതെ അവൾ പോയി. മൈസൂർ നഗരത്തിലേക്കാണു അവളെയും കൊണ്ട് അയാൾ പോയത്. ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിറ്റേന്ന് അവളെയും കൂട്ടി “വീട്ടിലേക്ക്’ പോകാനായി മൈസൂരു ബസ് സ്റ്റാൻഡിൽ എത്തി.
അവളുടെ ആഭരണങ്ങളും ഫോണുമെല്ലാം കൈയിലുള്ള ബാഗിലാണുള്ളത്. അപ്പോഴാണു അയാൾ പറഞ്ഞത്, ഇന്നലെ ബന്ധപ്പെട്ടതിനാൽ ഗർഭസാധ്യത ഉണ്ടെന്ന്. അത് ഇല്ലാതാക്കാനായി അയാൾ രണ്ട് “ഗർഭനിരോധന’ ഗുളികകൾ നൽകി. ഇതു കഴിച്ചാൽ ചിലപ്പോൾ ഛർദ്ദിക്കാൻ സാധ്യതയുള്ളതിനാൽ ബസ്റ്റാൻഡിലെ ടോയ്ലറ്റിൽ പോയി കഴിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു.
ശശികല തന്റെ ബാഗ് അയാളെ ഏല്പിച്ചിട്ട് ടോയ്ലറ്റിൽ പോയി. ഗുളിക ഉള്ളിൽ ചെന്ന നിമിഷം തന്നെ അവൾ മരണപ്പെട്ടു. മോഹൻ കുമാർ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു. ടൊയ്ലറ്റിൽ നിന്നും കണ്ടെടുത്ത യുവതിയുടെ ജഡം പോസ്റ്റു മോർട്ടം ചെയ്തപ്പോൾ സയനൈഡ് ഗുളിക കഴിച്ചതാണെന്നു മനസിലായി. ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തവരിൽ ഒരാൾ കൂടിയായി പോലീസിന്റെ കണക്കിൽ.
തിരിച്ചറിയപ്പെടാത്ത ആ യുവതിയുടെ മൃതദേഹം എവിടെയോ മറവു ചെയ്യപ്പെട്ടു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് ശശികലയുടെ കേസും തെളിയുന്നത്. മൊത്തം 20 കൊലപാതകങ്ങളാണു മോഹൻ കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും വെളിയിലായത്.