കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരി ഒഴുകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍സംഘങ്ങള്‍.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ലഹരിവ്യാപാരത്തിനായി ബംഗളൂരുവില്‍ തമ്പടിച്ചിരിക്കുന്ന നൈജീരിയന്‍ സംഘവുമായി ചേര്‍ന്നാണ് വടക്കു കിഴക്കന്‍ ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം.
ഇതേത്തുടര്‍ന്ന് കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി.
ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. ജനുവരിയില്‍ 42 കേസുകളെങ്കില്‍ ഒക്ടോബര്‍ എത്തുമ്പോള്‍ പ്രതിമാസ കേസുകളുടെ എണ്ണം ഇരട്ടിയായി.
ഇതില്‍ മുക്കാല്‍ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്. സംസ്ഥാന വ്യാപകമായി വേരോട്ടമുള്ള ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്.
എക്സൈസിന് പുറമെ പോലീസും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരും.
മെട്രോ നഗരങ്ങളില്‍ താമസിച്ചാണ് നൈജീരിയന്‍ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്.
മേഘാലയ, നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും റാക്കറ്റിലെ മുഖ്യ കണ്ണികളാണ്. കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം കുറ്റവാളികളെ പിടികൂടുന്നതില്‍ പരിമിതികളുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ ആ പരിമിതികളെ അതിജീവിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.