കൊച്ചി: കടയിരുപ്പ് സിന്തൈറ്റ് ഇൻഡ്സ്ട്രീസിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 11 ദിവസമായി നടന്നുവന്ന അനിശ്ചിതകാല സമരം ഒത്തുതീർന്നു. തൊഴിലാളി പ്രതിനിധികളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്.
കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റിയ 17 ജീവനക്കാരിൽ മൂന്നു പേരുടെ സ്ഥലംമാറ്റം ഒഴിവാക്കി. ബാക്കി 14 പേരിൽ നാലുപേരെ നാലു മാസത്തനുള്ളിൽ തിരികെ കൊണ്ടുവരും. സ്ഥലംമാറ്റിയ മറ്റ് 10 തൊഴിലാളികളെ വിരമിക്കൽ ഒഴിവുവരുന്ന മുറയ്ക്ക് കോയമ്പത്തൂരിൽ നിന്ന് തിരികെ കൊണ്ടുവരാനും തീരുമാനമായി.
സസ്പെൻഡ് ചെയ്ത 10 തൊഴിലാളികളുടെ സസ്പെൻഷൻ പിൻവലിക്കാനും ചർച്ചയിൽ തീരുമാനിച്ചു. പ്രതികാര നടപടിയുണ്ടാകില്ലെന്നു മാനേജ്മെന്റ് തൊഴിലാളി നേതാക്കൾക്ക് ഉറപ്പുനൽകി. വ്യാഴാഴ്ച മുതൽ സമരം ചെയ്യുന്ന തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കും.