നെടുങ്കണ്ടം: അന്താരാഷ്ട്ര നിലവാരത്തില് നെടുങ്കണ്ടത്ത് പൂര്ത്തീകരിച്ച സിന്തറ്റിക് ട്രാക്കോടുകൂടിയ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നാളെ(ഫെ. 3) കായിക വകുപ്പ് മന്ത്രി വി. അബ്ദുള് റഹ്മാന് നാടിന് സമര്പ്പിക്കും.
കേരളത്തിലെ ആദ്യ ഹൈ ആള്ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ 400 മീറ്റര് സിന്തറ്റിക് ട്രാക്കും ഒരുക്കിയിട്ടുണ്ട്. കായിക വകുപ്പും കിഫ്ബിയും ചേര്ന്ന് നിര്മിച്ച സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തില് നിര്മിച്ച ഫുട്ബോള് ഫീല്ഡും അടങ്ങുന്നതാണ് സ്റ്റേഡിയം.
രാത്രിയിലും മത്സരങ്ങള് നടത്താന് ഫ്ളഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജര്മനിയില്നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റീരിയല് ഉപയോഗിച്ചാണ് 13.2 മി.മി കട്ടിയുള്ള 400 മീറ്റര് ട്രാക്ക് നിര്മിച്ചിരിക്കുന്നത്.
ട്രാക്കിന്റെ ഒരു ഭാഗത്ത് 10 ലൈനുകളും മറുഭാഗത്ത് എട്ട് ലൈനുകളുമുണ്ട്. 400 മീറ്റര്, 100 മീറ്റര് ഓട്ടമത്സരങ്ങള്ക്ക് പുറമേ ഡിസ്കസ് ത്രോ, ഹാമര് ത്രോ, ഷോട്പുട്ട്, ലോംഗ്ജംപ്, ട്രിപിള് ജംപ്, പോള്വോള്ട്ട്, സ്റ്റിപ്പിള് ചെയ്സിംഗ്, ജാവലിന്, ഹൈ ജംപ് പിറ്റുകളുമുണ്ട്. ഫുട്ബോള് കോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ കായിക താരങ്ങള്ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിന് സൗകര്യം ഒരുങ്ങുന്നതിനോടൊപ്പം സ്കൂള് മീറ്റുകളും മറ്റ് സംസ്ഥാന, ദേശീയ മത്സരങ്ങളും സ്റ്റേഡിയത്തില് നടത്താന് കഴിയും.
2008 ലാണ് എം.എം. മണി എംഎൽഎയുടെ പ്രത്യേക ശ്രമമായി സ്റ്റേഡിയത്തിന്റെ നിര്മാണം ആരംഭിച്ചത്. വിവിധ സര്ക്കാര് വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന ആറ് ഏക്കര് സ്ഥലം ഗ്രാമപഞ്ചായത്തിന് സര്ക്കാര് വിട്ടുനല്കുകയായിരുന്നു.
16 വര്ഷം കൊണ്ട് പല ഘട്ടങ്ങളായി നിര്മാണം പൂര്ത്തീകരിച്ച സ്റ്റേഡിയത്തിനായി 10 കോടി രൂപ കിഫ്ബിയും മൂന്ന് കോടി രൂപ സംസ്ഥാന സര്ക്കാരും ഒരു കോടിയിലധികം രൂപ നെടുങ്കണ്ടം ഗ്രാമപഞ്ചയത്തും മുടക്കിയിട്ടുണ്ട്.
നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില് എം.എം. മണി എംഎല്എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന് കായിക പ്രതിഭകളെ ആദരിക്കും. ഡീന് കുര്യാക്കോസ് എംപി മുഖ്യാഥിതിയായിരിക്കും.
ജില്ലാ കളക്ടര് ഷീബാ ജോര്ജ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്, രാഷ്ട്രീയ സംഘടനാ പ്രതിനിധികള് തുടങ്ങിയവര് ചടങ്ങില് പങ്കെടുക്കുമെന്ന് സ്വാഗത സംഘം ജന. കണ്വീനര് പി.എന്. വിജയന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജന്, വൈസ് പ്രസിഡന്റ് ഡി. ജയകുമാര്, സെക്രട്ടറി സുനില് സെബാസ്റ്റ്യന് എന്നിവർ പത്രസമ്മേളനത്തില് അറിയിച്ചു.