ഡമാസ്കസ്: സിറിയയിൽ ആലെപ്പോ നഗരം പിടിച്ചെടുത്ത വിമത തീവ്രവാദികൾ അയൽപ്രദേശമായ ഹമായിലേക്കു നീങ്ങി. ഹമാ പ്രവിശ്യയിലെ ചില പട്ടണങ്ങളും ഗ്രാമങ്ങളും വിമത നിയന്ത്രണത്തിലായി. ഇതിനിടെ, സഖ്യകക്ഷികളുടെ സഹായത്തോടെ തീവ്രവാദികളെ പരാജയപ്പെടുത്താൻ സിറിയയ്ക്കു കഴിയുമെന്നു പ്രസിഡന്റ് ബഷാർ അൽ അസാദ് പറഞ്ഞു.
ഹയാത് തഹ്രീർ അൽ ഷാം എന്ന തീവ്രവാദ സംഘടനയും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ബുധനാഴ്ച ആരംഭിച്ച മിന്നലാക്രമണത്തിൽ സിറിയൻ സേന പകച്ചുപോയെന്നാണു റിപ്പോർട്ട്. ആലെപ്പോ നഗരത്തിൽനിന്നു പിൻവാങ്ങിയ സിറിയൻ സേന, പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചു.
ആലെപ്പോ നഗരത്തിലെ വിമാനത്താവളവും സൈനിക താവളങ്ങളും വിമത നിയന്ത്രണത്തിലാണ്. വിമാനത്തവാളത്തിൽ നിലയുറപ്പിച്ച ചിത്രങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടു.
സിറിയൻ സേന വിമത കേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു ആലെപ്പോയിലെ ആക്രമണമെന്നു തുർക്കി വൃത്തങ്ങൾ പറഞ്ഞു. ചെറിയ തോതിലുള്ള ആക്രമണമാണ് ആലെപ്പോയിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിറിയൻ സേന ചെറുത്തുനിൽപ്പില്ലാതെ പിൻവാങ്ങിയതോടെ വിമതർ ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു.ഇതിനിടെ, സിറിയയുടെ മിത്രമായ റഷ്യ വിമത കേന്ദ്രങ്ങളിൽ വ്യോമാക്രണം തുടരുകയാണ്.