ടെൽഅവീവ്: സിറിയയിലെ ബാഷർ അൽ-അസദ് ഭരണകൂടത്തിന്റെ എൺപത് ശതമാനത്തോളം സൈനിക സംവിധാനങ്ങളും തകർത്തതായി ഇസ്രയേൽ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സിറിയയിൽ ആക്രമണം ആരംഭിച്ചത്.
സിറിയൻ ഭരണകൂടത്തിന്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്.
കടലിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ, ആയുധനിർമാണ കേന്ദ്രങ്ങൾ, വിമാനവേധ മിസൈലുകൾ, സിറിയൻ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകൾ എന്നിവ തകർത്തുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.
സിറിയയിൽ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവച്ചു. ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം.