സിറിയയിലെ ഭീകരതയുടെ പ്രതീകമായിരുന്നു ഒമ്രാന്‍ ദഖ്‌നീഷ് എന്ന ബാലന്റെ ചിത്രം. ഏവരെയും നടുക്കിയ മുഖമായിരുന്നു അത്. നെറ്റിയില്‍ നിന്ന് ചോരവാര്‍ന്ന് ദൈന്യതയോടെ ആംബുലന്‍സില്‍ ഇരിക്കുന്ന ആ സിറിയന്‍ ബാലന്റെ ചിത്രം കണ്ടവരുടെയെല്ലാം കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞിരുന്നു. സിറിയന്‍ യുദ്ധത്തിന്റെ ഭീകരത മുഴുവന്‍ ആ കുഞ്ഞിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫറും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ഇരുത്തിയ ഒമ്രാന്റെ ചിത്രമായിരുന്നു ഇത്തരത്തില്‍ ലോകത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയത്. അന്നത്തെ ആക്രമണത്തില്‍ ഒമ്രാന് അവന്റെ സഹോദരനെയും നഷ്ടമായിരുന്നു. എന്നാല്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആ ബാലന്റെ ഇപ്പോഴത്തെ അവസ്ഥയെന്തായിരിക്കുമെന്ന് ആര്‍ക്കുമറിവില്ലായിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ ഒമ്രാനും കുടുംബവും ആ ആഘാതത്തില്‍ നിന്ന് കരകയറുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഒമ്രാന്‍ തന്റെ സഹോദരിയ്ക്കും പിതാവിനും ഒപ്പം സന്തോഷത്തോടെ ആലപ്പോയിലെ വീട്ടിലിരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തുര്‍ക്കിയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നൊക്കെ വാഗ്ദാനം വന്നെങ്കിലും സിറിയയില്‍ തന്നെ കഴിയുകയാണിപ്പോള്‍ ദഖ്‌നിഷും കുടുംബവും. ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഒമ്രാന്റെ ചിത്രം ലോകമനസാക്ഷിയെ പിടിച്ചുലച്ചെങ്കിലും ചിത്രം പ്രചരിപ്പിക്കപ്പെട്ടത്തിനു പിന്നില്‍ ദുരുദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായി ബാലന്റെ അച്ഛന്‍ മുഹമ്മദ് ദഖ്നിഷ് കുറ്റപ്പെടുത്തി. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരായ നീക്കത്തിന്റെ ഭാഗമായി സിറിയന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ഒമ്രാന്റെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നാണ് ഒമ്രാന്റെ അച്ഛന്റെ ആരോപണം.
ഒമ്രാനെതിരായ ആക്രമണം ബഷാര്‍ അല്‍ അസദിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നതായും മുഹമ്മദ് ഖൈര്‍ പറയുന്നു. വീടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാെണന്നും എല്ലാ ദിവസവും ജോലിക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മുഖം ചര്‍ച്ചയായപ്പോള്‍ പേടിച്ചിരുന്നു, അവനെ പൊതുസ്ഥലങ്ങളില്‍ നിന്നൊളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഒമ്രാന്റെ പിതാവ് പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് 17നാണ് വ്യോമാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന സിറിയയിലെ കിഴക്കന്‍ ആലെപ്പോ മേഖലയിലെ കെട്ടിടത്തിനടിയില്‍ നിന്നാണ് നാല് വയസുകാരനായ ഒമ്രാന്‍ ദഖ്‌നീഷിനെ സിറിയന്‍ സിവില്‍ ഡിഫന്‍സ് ഗ്രൂപ്പാണ് രക്ഷപ്പെടുത്തി ആംബുലന്‍സില്‍ എത്തിച്ചത്. അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹമൂദ് റസ്ലാനാണ് ശാന്തനായിരുന്ന് മുഖം തലോടുകയും കൈയില്‍ പുരണ്ട ചോര സീറ്റില്‍ തുടയ്ക്കുകയും ചെയ്യുന്ന ഒമ്രാന്റെ ഹൃദയഭേദകമായ കാഴ്ച തന്റെ കാമറക്കണ്ണില്‍ പതിപ്പിച്ച് ലോകത്തെ കാണിച്ചത്.