ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു തോൽവിത്തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ 58 റൺസിന് ന്യൂസിലൻഡിനോടു പരാജയപ്പെട്ടു. 161 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിൽ എത്തിയ ഇന്ത്യക്കു ബാറ്റിംഗ് പിഴച്ചു.
14 പന്തിൽ 15 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ജെമീമ റോഡ്രിഗസ് (13), ദീപ്തി ശർമ (13), സ്മൃതി മന്ദാന (12), റിച്ച ഘോഷ് (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. അർധ സെഞ്ചുറി നേടിയ ന്യൂസിലൻഡിന്റെ സോഫി ഡിവൈനാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ 160/4. ഇന്ത്യ 19 ഓവറിൽ 102.
ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ സൂസി ബാറ്റ്സും (24 പന്തിൽ 27) ജോർജിയ പിൽമറും (23 പന്തിൽ 34) കിവീസിനു മികച്ച തുടക്കം നൽകി. അമേലിയ കേർ (22 പന്തിൽ 13) മാത്രമാണ് അൽപം മങ്ങിയത്. ക്യാപ്റ്റൻ സോഫി ഡിവൈനാണ് ന്യൂസിലൻഡ് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചത്. 35 പന്തിൽ ഏഴു ഫോറിന്റെ സഹായത്തോടെ 56 റണ്‍സുമായി സോഫി ഡിവൈൻ പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി രേണുക സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി.
റണ്ണൗട്ടിൽ വിവാദം
ന്യൂസിലൻഡ് ഇന്നിംഗ്സിലെ 14-ാം ഓവറിൽ അമേലിയ കേറിന്റെ റണ്ണൗട്ട് അനുവദിക്കാതിരുന്നത് ഇന്ത്യൻ ക്യാന്പിൽ പ്രതിഷേധത്തിനു കാരണമായി. ദീപ്തി ശർമ എറിഞ്ഞ ഓവറിന്റെ അവസാന പന്തിൽ ന്യൂസിലൻഡിന്റെ അമേലിയ കേറും സോഫി ഡിവൈനും സിംഗിൾ എടുത്തു. രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ അമേലിയ കേറിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ത്രോയിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് റണ്ണൗട്ടാക്കി.
കേർ ഗാലറിയിലേക്കു മടങ്ങാൻ തുടങ്ങവെ ഫോർത്ത് അന്പയർ അത് ഒൗട്ടല്ലെന്നു വിധിച്ചു. പന്ത് പിടിച്ചശേഷം ഹർമൻപ്രീത് കൗർ ഓവർ പൂർത്തിയായതിനാൽ മുന്നോട്ട് ഓടുകയും അന്പയർ ഓവർ വിളിക്കുകയും ചെയ്തിരുന്നു. അതിനാൽ ഡെഡ് ബോൾ അവസ്ഥ ഉണ്ടായെന്ന കാരണത്താലാണ് ഫോർത്ത് അന്പയർ ഒൗട്ടല്ലെന്നു വിധിച്ചത്. ഹർമൻപ്രീത് ഓണ്‍ അന്പയർമാരുമായി ഏറെനേരം തർക്കിച്ചെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല.
ആശ ആദ്യ മലയാളി
ഇന്ത്യക്കുവേണ്ടി ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം തിരുവനന്തപുരം സ്വദേശി ആശ ശോഭനയ്ക്കു സ്വന്തം. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെയാണിത്. നാല് ഓവർ എറിഞ്ഞ ഈ സ്പിന്നർ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. കിവീസ് ഓപ്പണർ ജോർജിയ പിൽമറിനെ വീഴ്ത്തി ഇന്ത്യക്കു ബ്രേക്ക് ത്രൂ നൽകിയത് ആശയായിരുന്നു.