ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടത്തിൽ മഞ്ഞപ്പടയായ ഓസ്ട്രേലിയയുടെ കന്നി മുത്തം. ഫൈനലിൽ ന്യൂസിലൻഡിനെ 8 വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. പരിമിത ഓവർ ക്രിക്കറ്റിൽ ന്യൂസിലൻഡ് ഫൈനലിൽ (2015, 2019 ഏകദിന ലോകകപ്പ്) പരാജയപ്പെടുന്നത് തുടർച്ചയായ മൂന്നാം തവണയാണെന്നതും ശ്രദ്ധേയം.
ഇഴഞ്ഞിഴഞ്ഞ്…
ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായിൽ ഈ ലോകകപ്പിൽ ഒന്‍പത് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചതെന്ന യാഥാർഥ്യം മനസിലാക്കിയായിരുന്നു അത്.
ജോഷ് ഹെയ്സൽവുഡ് നാലാം ഓവറിന്റെ അഞ്ചാം പന്തിൽ ഡാറെൽ മിച്ചലിനെ (11) വിക്കറ്റിനു പിന്നിൽ മാത്യു വേഡിന്റെ കൈകളിലെത്തിച്ചു. അതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ കിവീസ് ഒന്‍പതാം ഓവറിലാണ് രണ്ട് ഫോർ എങ്കിലും നേടുന്നത്. 3.1-ാം പന്തിൽ ഫോർ നേടിയശേഷം ന്യൂസിലൻഡിന്റെ ഇന്നിംഗ്സിലെ അടുത്ത ഫോറിലേക്ക് വന്നത് 32 പന്തിന്റെ ഇടവേള!
ഗിയർ മാറി വില്യംസണ്
10 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. സ്റ്റാർക്ക് എറിഞ്ഞ 11-ാം ഓവറിൽ മൂന്ന് ഫോർ ഉൾപ്പെടെ കെയ്ൻ വില്യംസണ് 17 റണ്‍സ് അടിച്ചെടുത്തു. ഓവറിലെ നാലാം പന്തിൽ വില്യംസണിനെ ഫൈൻ ലെഗിൽ ഹെയ്സൽവുഡ് വിട്ടുകളഞ്ഞിരുന്നു. 21 റണ്‍സ് ആയിരുന്നു വില്യംസണിന്റെ അപ്പോഴത്തെ സന്പാദ്യം.
മാർട്ടിൻ ഗപ്റ്റിൽ (28) സ്ലോഗ് ഷോട്ടിനുശ്രമിച്ച് ആദം സാംപയുടെ പന്തിൽ പുറത്ത്. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹെയ്സൽവുഡിനു മുന്നിൽ വില്യംസണ് കീഴടങ്ങി. 48 പന്തിൽ മൂന്ന് സിക്സും 10 ഫോറും അടക്കം 85 റണ്‍സ് നേടിയാണ് കിവീസ് ക്യാപ്റ്റൻ മടങ്ങിയത്.
ഹെയ്സൽവുഡ് തകർത്തു
ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന ഒന്നാം ഇന്നിംഗ്സ് സ്കോറാണ് ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 172 റണ്‍സ്. ന്യൂസിലൻഡ് ബാറ്റർമാരുടെ ഇരയായത് മിച്ചൽ സ്റ്റാർക്ക്. 4 ഓവറിൽ 60 റണ്‍സ് ആണ് സ്റ്റാർക്ക് വഴങ്ങിയത്, 5 ഡോട്ട് ബോൾ മാത്രമാണ് പേസർക്ക് എറിയാൻ സാധിച്ചത്.
അതേസമയം, ജോഷ് ഹെയ്സൽവുഡ് കിവീസിനുമേൽ നാശം വിതച്ചു. 4 ഓവറിൽ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റ് ഹെയ്സൽവുഡ് നേടി. 18 ഡോട്ട് ബോളാണ് ഹെയ്സൽവുഡ് എറിഞ്ഞത്.
പതിഞ്ഞ തുടക്കം
ഓസ്ട്രേലിയയുടേതും പതിഞ്ഞ തുടക്കമായിരുന്നു. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ ആരോണ്‍ ഫിഞ്ചിനെ (5) ട്രെന്റ് ബോൾട്ട് ഡീപ്പ് മിഡ്വിക്കറ്റിൽ ഡാറെൽ മിച്ചലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് ഡേവിഡ് വാർണറും (38 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 53) മിച്ചൽ മാർഷും (50 പന്തിൽ നാല് സിക്സും ആറ് ഫോറും അടക്കം 77 നോട്ടൗട്ട്) കംഗാരുക്കളുടെ പോരാട്ടം ഏറ്റെടുത്തു. ഗ്ലെൻ മാക്സ്വെല്ലും (18 പന്തിൽ 28) പുറത്താകാതെനിന്നപ്പോൾ ഓസ്ട്രേലിയ 7 പന്ത് ബാക്കിനിൽത്തി ജയമാഘോഷിച്ചു.
വാർണറിനൊപ്പം രണ്ടാം വിക്കറ്റിൽ 92ഉം മാക്സ്വെല്ലിനൊപ്പം മൂന്നാം വിക്കറ്റിൽ 66* റണ്‍സ് കൂട്ടുകെട്ടും മിച്ചൽ മാർഷ് പടുത്തുയർത്തി. മാർഷിന്റെ ഈ രണ്ട് കൂട്ടുകെട്ടുകൾ കളിഗതി നിർണയിച്ചു.