കണ്ണൂർ: പ്രളയബാധിതരായ വ്യാപാരികൾക്ക് നേരിട്ട് സഹായം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ. ഇന്നു രാവിലെ കണ്ണൂർ വ്യാപാരഭവനിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ ആദ്യഗഡു എന്ന നിലയിൽ ഒരു കോടി രൂപയുടെ ചെക്ക് വിവിധ യൂണിറ്റുകൾക്ക് അദ്ദേഹം കൈമാറി.
കഴിഞ്ഞ പ്രളയകാലത്ത് കോടികളുടെ നഷ്ടമാണ് വ്യാപാര മേഖലയിൽ ഉണ്ടായിട്ടുള്ളത്. വ്യാപാരികൾ സ്വരൂപിച്ച വലിയ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പ്രളയബാധിത പ്രദേശങ്ങളിൽ സാധനങ്ങളായും എത്തിച്ചെങ്കിലും വ്യാപാരികൾക്ക് കാര്യമായ സഹായങ്ങൾ ലഭിച്ചില്ല. കൂടാതെ പ്രളയ സെസ് അടിച്ചേൽപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തവണ വ്യാപാരികൾ നേരിട്ട് ധനസഹായം നൽകാൻ തീരുമാനിച്ചത്.
ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. രാജു അപ്സര, അഹമ്മദ് ഷെരീഫ്, കെ.വാസുദേവൻ, കുഞ്ഞാവ ഹാജി, ഹമീദ് തൃശൂർ, പി.ബാഷിദ്, എം.പി.തിലകൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംസ്ഥാന ഭാരവാഹികളും സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇരിട്ടി, ശ്രീകണ്ഠപുരം തുടങ്ങിയ അഞ്ച് സ്ഥലങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.