കോഴിക്കോട്: മുന്‍ ജില്ലാ കളക്ടറും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജിന്റെ മകള്‍ക്കെതിരേ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.
നോര്‍ത്ത് ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സരോജിനി നിവാസില്‍ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂരജിന്റെ മകള്‍ക്കെതിരേയും മറ്റുള്ള നാലുപേര്‍ക്കെതിരേയും പോലീസ് കേസെടുത്തത്.
മകളുടെ പേരില്‍ ബേപ്പുര്‍ വെസ്റ്റ്മാറിയിലെ 1.215 ഏക്കര്‍ സ്ഥലത്ത് നിന്ന് സെന്റിന് 1,20,000 രൂപ തോതില്‍ 60 സെന്റ് സ്ഥലം നല്‍കാമെന്ന് കരാറുണ്ടാക്കി പലപ്പോഴായി 61.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ 25 സെന്റ്് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനെതിരേയാണ് പരാതി സമര്‍പ്പിച്ചത്. 2015 നാണ് സ്ഥലം വാങ്ങാന്‍ ആദ്യം അഡ്വാന്‍സ് നല്‍കുന്നത്. 2018 ജനുവരിക്കിടയില്‍ 60 സെന്റ് സ്ഥലത്തിന് പലപ്പോഴായി 61.5 ലക്ഷം രൂപ നല്‍കിയെങ്കിലും കരാറ് പ്രകാരമുള്ള മുഴുവന്‍ സ്ഥലവും നല്‍കിയില്ല.
ബാക്കി പണത്തിന് വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ലക്ഷം രൂപ തിരിച്ചു നല്‍കിയതായാണ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് മാറാട് പോലീസ് അറിയിച്ചു.