കണ്ണൂർ: തൊണ്ണൂറ്റിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭന് ആശംസകൾ നേർന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. പൊടിക്കുണ്ടിലെ വീട്ടിലെത്തിയാണ് ആശംസകൾ നേർന്നത്.
പൊന്നാട അണിയിച്ചും മധുരം നൽകിയും സ്നേഹം പങ്കുവച്ചു. എംഎൽഎമാരായ ടി.ഐ. മധുസൂദനൻ, കെ.വി. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വർഷങ്ങളായി താൻ ഖദറാണ് ധരിക്കാറെന്നും അതുകൊണ്ടുതന്നെ താൻ മരിച്ചാൽ സംസ്കാരത്തിന് ത്രിവർണ പതാക പുതപ്പിച്ചായിരിക്കണം കൊണ്ടുപോകേണ്ടതെന്നും തനിക്കു ചുവപ്പ് വേണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു. തെരഞ്ഞെടപ്പിൽ കെ.വി. സുമേഷായിരുന്നില്ല നിന്നതെങ്കിൽ വോട്ട് ഷാജിക്ക് കൊടുക്കുമായിരുന്നു.
മരംമുറി പോലെയുള്ള കാര്യങ്ങൾ വന്നപ്പോൾ തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കേൾക്കുന്നവർക്ക് അതിഷ്ടപ്പെടില്ലെന്ന് കോടിയേരിയും പ്രതികരിച്ചു. ഭരണകാര്യത്തിൽ ഒന്നുംകൂടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കോടിയേരിയോട് ടി.പത്മനാഭൻ പറഞ്ഞു.