കണ്ണൂർ: ലോക സമാധാനം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ചു പഞ്ചായത്തുകളും കോർപറേഷനുകളും ചർച്ച ചെയ്ത് സമയം കളയുന്നതിനു പകരം ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് എഴുത്തുകാരൻ ടി. പദ്മനാഭൻ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് സ്നേഹജ്യോതി കിഡ്നി പേഷ്യന്റസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്കമാറ്റിവച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പരാതികൾക്കിടയില്ലാത്ത വിധം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് അഭിനന്ദാർഹമാണെന്നും ടി. പദ്മനാഭൻ പറഞ്ഞു. മരുന്ന് കന്പനികളും വിൽപനക്കാരും അനുബന്ധക്കാരും മനുഷ്യനെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ മാത്രം സ്ഥിതിയല്ല. ലോകമാകമാനം ഇതാണ് അവസ്ഥ.
നാടുഭരിക്കുന്നവരും ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും പദ്മനാഭൻ കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. രാജീവൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ജയപാലൻ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, കന്റോൺമെന്റ് ബോർഡ് അംഗം റിട്ട. കേണൽ പത്മനാഭൻ, ഡിഎംഒ ഡോ. നാരായണൻ നായ്ക് എന്നിവർ പ്രസംഗിച്ചു.