കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കുകയല്ല വേണ്ടത് മറിച്ച് സമൂഹത്തിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച വർഗീയ തീവ്രവാദ വിരുദ്ധ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ഈ സംഘടനകളുടെ മുൻ രൂപമായ സിമിയെ നിരോധിച്ചിട്ട് എന്താണ് ഫലമുണ്ടായത്. അവർ മറ്റ് രൂപത്തിൽ സമൂഹത്തെ വിഷം പുരട്ടുകയാണ്. മാരീച വേഷം പൂണ്ട എസ്ഡിപിഐയുടെ യഥാർഥ രൂപം കാണിച്ച് കൊടുക്കാൻ സമൂഹം തയാറാകണം. വികസനത്തിനെതിരേ നടത്തുന്ന സമരങ്ങളിൽ ഇത്തരം മാരീചന്മാർ നുഴഞ്ഞു കയറുകയാണ്. ഇവർക്ക് പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ഇത്തരം സംഘടനകളിലൂടെ ലഭിക്കുന്നു.
എല്ലാ രാഷ്ട്രീയ സംഘടനകളിലും രാഷ്ട്രീയേതര സമിതികളിലും പോപ്പുലർ ഫ്രണ്ടും അതുപോലുള്ള സംഘടനകളും നുഴഞ്ഞു കയറിയിട്ടുണ്ട്. പോലീസിൽ പോലും ഇക്കൂട്ടർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇതിന് രണ്ട് ലക്ഷ്യമാണുള്ളത്.
സർക്കാരിന്റെ നയങ്ങളെ തകർക്കുക, സർക്കാറിന്റെ ലക്ഷ്യങ്ങൾ മുൻകൂട്ടി മനസിലാക്കി സഹപ്രവർത്തകർക്ക് ചോർത്തി നൽകുക.
തുച്ഛമായ ലാഭത്തിനു വേണ്ടിയും പഞ്ചായത്തിലെ ഒരു സീറ്റിനുവേണ്ടിയും ഒരു എംഎൽഎയെ ഉണ്ടാക്കാൻ വേണ്ടിയോ പരസ്യമായും രഹസ്യമായും വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്നത് ആപത്കരമാണ്. ഇതു മനസിലാക്കിയില്ലെങ്കിൽ ഇത്തരം സമ്മേളനങ്ങൾ നടത്തിയത് കൊണ്ടോ കൈയൊപ്പ് ചാർത്തിയത് കൊണ്ടോ കാര്യമില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ.പി. അൻവീർ അധ്യക്ഷത വഹിച്ചു. എം.കെ. മനോഹരൻ, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാൽ, ഡോ. എ.കെ. നന്പ്യാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഷിബിൻ കാനായി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി വർഗീയത തുലയട്ടെ എന്ന ബാനറിൽ ടി.പത്മാനാഭൻ കൈയൊപ്പ് ചാർത്തി.