തന്റെ മരണവാര്‍ത്തയില്‍ പ്രതികരണവുമായി സിനിമാ-സീരിയല്‍ താരം ടി.എസ് രാജു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മരണവാര്‍ത്ത പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…നിലവില്‍ യാതൊരുവിധ ആരോഗ്യ പ്രശ്നവുമില്ല. ഷുഗര്‍, പ്രഷര്‍ അങ്ങനെയൊന്നും ഇല്ല. ഞാന്‍ ഏതായാലും ഒരു നാല്പതുവര്ഷത്തേക്ക് മരിക്കാനും ഉദ്ദേശിക്കുന്നില്ല.
കൊച്ചുമകന്റെ കല്യാണവും കൂടിയിട്ടേ പോകൂ. സമ്മതം എന്ന സീരിയലിന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ് നാളെ.
ഇറച്ചി സിനിമയുടെ ഷൂട്ടിംഗിലും ആയിരുന്നു ഞാന്‍. എന്തിന് വേണ്ടിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല.
ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ടി.എസ്. രാജുവിന്റെ വാക്കുകള്‍.അതേസമയം തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട നടന് അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്ന് ടി. എസ് .രാജു പറഞ്ഞു.
തന്റെ പെങ്ങള് വരെ വ്യാജ വാര്‍ത്ത കണ്ട് താന്‍ മരിച്ചുവെന്ന് വിചാരിച്ചുവെന്നും ടി എസ് രാജു വെളിപ്പെടുത്തി.
ടി.എസ്. രാജുവിനോട് ക്ഷമ ചോദിച്ചു എന്ന് നടന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. സാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേദനിപ്പിച്ച് തെറ്റായ പ്രസ്താവന നടത്തിയതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു.
സമൂഹ മാധ്യമത്തില്‍ കണ്ട തെറ്റായ വാര്‍ത്ത വിശ്വസിക്കുകയായിരുന്നെന്ന് അജു വ്യക്തമാക്കി.