ഗാന്ധിനഗർ: ടി-ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് എംഎൽഎയെ ഗുജറാത്ത് നിയമസഭയിൽനിന്നു പുറത്താക്കി. വിമൽ ചുദസാമ(40)യെയാണു സ്പീക്കർ രാജേന്ദ്ര ത്രിവേദി പുറത്താക്കിയത്.
അംഗങ്ങൾ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും ടി-ഷർട്ട് ധരിക്കരുതെന്നും സ്പീക്കർ നിർദേശം നല്കി.
അതേസമയം, നിയമസഭയിൽ പ്രത്യേക വസ്ത്രം ധരിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള നിയമമില്ലെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
സഭയിൽ ടി-ഷർട്ട് ധരിച്ചുകൊണ്ട് വരരുതെന്ന് ഒരാഴ്ച മുന്പ് സ്പീക്കർ ചുദാസാമയോടു നിർദേശിച്ചിരുന്നു.
ഷർട്ടോ കുർത്തയോ ധരിച്ച് സഭയിലെത്താനായിരുന്നു സ്പീക്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ ചുദാസാമ ടി-ഷർട്ട് ധരിച്ചെത്തുകയായിരുന്നു.
തുടർന്ന് ഷർട്ടോ കുർത്തയോ ധരിച്ച് സഭയിൽ വരാൻ സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറുടെ ആവശ്യം എംഎൽഎ നിരാകരിച്ചു.
താൻ ടി-ഷർട്ട് ധരിച്ചാണു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതെന്നും വിജയിച്ചതെന്നും വിമൽ ചുദാസാമ പറഞ്ഞു. തുടർന്നു സ്പീക്കറുടെ നിർദേശപ്രകാരം എംഎൽഎയെ പുറത്താക്കി.