കൽപ്പറ്റ: ദിവസങ്ങൾ നീണ്ട അന്തർനാടകങ്ങൾക്കൊടുവിൽ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ടി. സിദ്ദിഖ്. മണ്ഡലത്തിനകത്തും പുറത്തുമുള്ള കോണ്ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടു ഇന്നലെ രാത്രിയാണ് കോണ്ഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
പാർട്ടിയിലെ എ ഗ്രൂപ്പ് പ്രതിനിധിയാണ് കോഴിക്കോട് സ്വദേശിയും കെപിസിസി വൈസ് പ്രസിഡന്റുമായ സിദ്ദിഖ്. ഉമ്മൻചാണ്ടിയുടെ ശക്തമായ ഇടപെടലാണ് സിദ്ദിഖിനു ടിക്കറ്റ് ഉറപ്പിച്ചത്. ലോക്സഭയിൽ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കൽപ്പറ്റ.
ലോക് താന്ത്രിക് ജനതാദൾ(എൽജെഡി) സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറാണ് കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ ടി.എം. സുബീഷാണ് എൻഡിഎയ്ക്കുവേണ്ടി മത്സരരംഗത്ത്.മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥി സാധ്യാതാപട്ടികയിൽ ഐ, എ ഗ്രൂപ്പുകളിൽനിന്നായി ഡസനോളം പേരുകളാണ് ഉണ്ടായിരുന്നത്.
ഇവരിൽ പലരും സ്ഥാനാർഥിത്വം മോഹിച്ചവരുമാണ്. സിദ്ദിഖിനു പുറമേ ബത്തേരി എംഎൽഎയും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ബത്തേരി എംഎൽഎയും മലയോര വികസന ഏജൻസി വൈസ് ചെയർമാനുമായിരുന്ന യുഡിഎഫ് ജില്ലാ കണ്വീനർ എൻ.ഡി. അപ്പച്ചൻ, യൂത്ത് കോണ്ഗ്രസ് മുൻ ജില്ലാ പ്രസിഡന്റും പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ഡി. സജി എന്നിവരാണ് എ ഗ്രൂപ്പിൽനിന്നു സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ.
ഐ ഗ്രൂപ്പിൽ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ഡിസിസി മുൻ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രൻ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. ആലി, കെപിസിസി അംഗവും ഡിസിസി മുൻ പ്രസിഡന്റുമായ കെ.എൽ. പൗലോസ്, കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം എന്നിവർ കൽപ്പറ്റയിൽ ജനവിധി തേടാൻ ആഗ്രഹിച്ചവരുടെ നിരയിലുണ്ട്.
സ്ഥാനാർഥി നിർണയ ചർച്ച തുടങ്ങുന്നതിനു മുന്പേ കോണ്ഗ്രസ് നേതാക്കൾ കൽപ്പറ്റ സീറ്റുമായി ബന്ധപ്പെട്ടു ചേരിതിരിഞ്ഞു വാദമുഖങ്ങൾ ഉന്നയിച്ചിരുന്നു. കൽപ്പറ്റയിൽ നാട്ടുകാരനെ സ്ഥാനാർഥിയാക്കണമെന്ന വാദമാണ് ആദ്യം ഉയർന്നത്. ജില്ലയ്ക്കു പുറമേനിന്നുള്ളയാൾ സ്ഥാനാർഥിയാകുന്നതു ഒഴിവാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു ഏറ്റവും ഒടുവിൽ സിദ്ദിഖിന്റെയും അപ്പച്ചന്റെയും പേരുകളാണ് ഉയർന്നത്. കൽപ്പറ്റയിൽ അപ്പച്ചനോ സിദ്ദിഖോ എന്ന ചോദ്യം ജില്ലയിലെ കോണ്ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ക്ഷമ കെടുത്തുന്നതിനിടെയാണ് ഒൗദ്യോഗിക പ്രഖ്യാപനം നടന്നത്.
നിലന്പൂരിൽ മത്സരിക്കുന്നതിനു യോഗ്യതയുള്ള ധാരാളം നേതാക്കൾ ഉള്ളതിനാലാണ് കൽപ്പറ്റയിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നതെന്നു ടി. സിദ്ദിഖ് കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ പറഞ്ഞതു വിവാദമായിരുന്നു. സിദ്ദിഖ് വയനാട്ടിലെ കോണ്ഗ്രസ് നേതാക്കളെ അവഹേളിച്ചുവെന്നു ഐ ഗ്രൂപ്പിലെ സീനിയർ നേതാക്കൾ വിമർശിച്ചു.
ജില്ലയിൽനിന്നുള്ളയാൾ കൽപ്പറ്റയിൽ സ്ഥാനാർഥിയാകുമെന്ന സൂചന കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ നൽകി. ഇതു സീറ്റ് അപ്പച്ചനു ലഭിച്ചേക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.തീർത്തും മോശമാണ് ജില്ലയിൽ കോണ്ഗ്രസിന്റെ അവസ്ഥ. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥൻ, ഡിസിസി സെക്രട്ടറി പി.കെ. അനിൽകുമാർ, മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ തുടങ്ങിയവർ അടുത്തിടെ പാർട്ടി വിട്ടു.
വിശ്വനാഥൻ ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി. അനിൽകുമാർ എൽജെഡിയിലും സുജയ സിപിഎമ്മിലുമാണ് ഇപ്പോൾ.മണ്ഡലത്തിൽ പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിർത്തുകയെന്നതാണ് നിലവിൽ സിദ്ദിഖിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.യുഡിഎഫ് നിയോജകമണ്ഡലം കണ്വൻഷൻ 18നു രാവിലെ 10നു കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ചേരും.