കൽപ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കർണാടക ഏർപ്പെടുത്തിയട്ടുള്ള നിരോധനം പിൻവലിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ചിഞ്ചു റാണിയും കേരളാ ചീഫ് സെക്രട്ടറിയും അടിയന്തര ഇടപെടൽ നടത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു.
തുടക്കത്തിൽ ഈ വിഷയത്തിൽ മന്ത്രി ചിഞ്ചു റാണിക്ക് കത്ത് നൽകിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു ഇടപെടലും മറുപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായല്ല.
കർണാടക മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും സ്പീക്കറുടെയും ശ്രദ്ധയിൽ വയനാട്ടിലെ ക്ഷീര കർഷകരുടെ വിഷയം ഗൗരവമായി ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ആ സമയത്ത് കർണാട മുഖ്യമന്ത്രി പറഞ്ഞ മറുപടിയിലെ പ്രധാന കാര്യം അവിടെയുള്ള വരൾച്ചയും മഴ ലഭ്യതക്കുറവുമാണ് നിരോധനത്തിന്റെ അടിസ്ഥാനം എന്നുള്ളതായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ബംഗളൂരുവിൽ പോയി മുഖ്യമന്ത്രിയെയും ഉത്തരവാദപ്പെട്ടവരെ കണ്ടത്.
ഈ വിഷയത്തിൽ ഒന്നും ചെയ്യാതെ നവകേരള സദസിന്റെ പേരിൽ ഊരു ചുറ്റുന്ന മുഖ്യമന്ത്രിടെയും മന്ത്രിമാരുടെയും ഇടതുപക്ഷ സർക്കാറിന്റെയും നിസംഗതയും കൃത്യവിലോപവും മറച്ചുവയ്ക്കാനാണ് തനിക്കെതിരേ അനാവശ്യ ആരോപണം ഉന്നയിക്കുന്നത്. വയനാട്ടിലെ ജനങ്ങൾക്കും കർഷകർക്കും വേണ്ടിയുള്ള പോരാട്ടവും പ്രവർത്തനവും ഇനിയും തുടരുമെന്നും എംഎൽഎ പറഞ്ഞു.