പ്രബൽ ഭരതൻ
കോഴിക്കോട്: കാലത്തിന്റെ ചുമരെഴുത്ത് മായ്ച്ച് പുതിയ ചിത്രം വരയ്ക്കാൻ നേതൃത്വം തയാറായില്ലെങ്കിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. ഇതിന്റെ ചെറിയ പ്രതിഫലനമാണ് ചെങ്ങന്നൂരിൽ കണ്ടതെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
കേരളത്തിന്റെ ഇന്നത്തെ ചുറ്റുപാടുകൾ പഴയത് പോലെയല്ല. പുതിയ സാഹചര്യത്തിൽ ജനങ്ങളെ ആകർഷിക്കാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കുന്നില്ല.
സംഘടനാ ദൗർബല്യവും രാഷ്ട്രീയ ഊർജസ്വലതയില്ലായ്മയും സാമൂഹിക ഇടപെടലുകളുടെ അഭാവവും പാർട്ടിയിൽ പ്രകടമാണ്. ഇത് പരിഹരിക്കാതെ ഭാവിയിൽ കോൺഗ്രസിന് നിലനിൽക്കാനാവില്ലെന്നത് യാഥാർഥ്യമാണ്. അതിന് തലമുറ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളായ വോട്ടർമാരെ ആകർഷിക്കാൻ പുതിയ തലമുറയിലെ നേതൃനിരയ്ക്കേ സാധിക്കുകയൂള്ളൂ . ഇന്ന് കോൺഗ്രസിന് ഫിക്സഡ് വോട്ട് ബാങ്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം വീടുകൾ കയറി ഇറങ്ങി പ്രവർത്തിച്ചാൽ അത് വോട്ടായി മാറില്ല.
തങ്ങളുടെ കൂടെ പാർട്ടിയുണ്ടെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടായാൽ മാത്രമേ അത് വോട്ട് ആയി മാറുകയുള്ളൂ. അതിന് ഊർജസ്വലരായ നേതാക്കൻമാരെ വാർത്തെടുക്കാൻ സാധിക്കണം. പുതിയ ദിശാബോധമുള്ള നേതാക്കൻമാരെ പാർട്ടി നേതൃനിരയിലെത്തിച്ചാൽ മാത്രമേ കോൺഗ്രസിലെ പോരായ്മകൾ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.
യുവാക്കളെ ആകർഷിക്കാൻ പുതിയ കർമ പദ്ധതികൾക്കും രൂപം നൽകേണ്ടതുണ്ട്. പഴയ രീതിയിലുള്ള പ്രവർത്തനങ്ങളെ അടിമുടി മാറ്റണം. അതിന് കഴിയുന്നവരെ നേതൃനിരയിലെത്തിക്കുകയും വേണം. എന്നാൽ യുവാക്കളെന്ന പരിഗണന നൽകി ആരെയെങ്കിലും പിടിച്ച് നേതൃ സ്ഥാനത്ത് ഇരുത്തരുത്.
പാർട്ടി നൽകുന്ന പദവി ഉത്തരവാദിത്വത്തോടെ വഹിക്കാൻ കഴിയുന്നവരെ വേണം നേതൃസ്ഥാനത്തെത്തിക്കാൻ. അതിന് കഴിവുള്ളവരെ കണ്ടെത്തി നേതൃനിരയിലെത്തിച്ച് പാർട്ടിയുടെ പഴയ ഊർജം തിരിച്ചുപിടിക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
രാജ്യസഭാ സ്ഥാനത്തേക്ക് മലബാറിനോടുള്ള അവഗണന കോൺഗ്രസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുന്പാണ് മലബാറിൽ നിന്നുള്ള ഒരു പ്രതിനിധിയെ പാർട്ടി രാജ്യ സഭയിലേക്ക് അയച്ചത്. മലബാറിനെ സംബന്ധിച്ചിടത്തോളം ഇത്തരം അവഗണനകൾ വളരെ പ്രകടമാണ്. ജനങ്ങൾ ഇതെല്ലാം നോക്കിയാണ് ഒരു പാർട്ടിയെ വിലയിരുത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.