കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിയ്ക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. സുലൈമാന്‍ ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്ഥാന് സ്വദേശിനിയുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യമാണ് മുരളീധരന് ഉന്നയിക്കുന്നത്.
‘കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജി തന്റെ രണ്ടാം ഭാര്യ,പത്തൊന്‍പതുകാരി പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചു വച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദതയില്‍ അതിശയിക്കാനില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. പ്രത്യേകിച്ച് എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശപൗരന്റെ ഐഡന്റിറ്റി മറച്ചു വയ്ക്കുമ്പോള്‍’ മുരളീധരന് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവരെയടക്കം ടാഗ് ചെയ്താണ് മുരളീധരന് ട്വീറ്റ് ചെയ്തത്.
സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രിക ആദ്യം മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് അംഗീകരിച്ചിരുന്നു.