തൃശൂരുകാരും പറയുന്നു, ഇതാണ് ഹീറോയിനിസം! പോലീസും, ഉദ്യോഗസ്ഥരും നിസ്സഹായരായപ്പോള്‍ കളക്ടറെ ജനം സ്വീകരിച്ചത് നിറകൈയ്യടിയോടെ; തൃശൂരിലെ ആദ്യദിനം തന്നെ താരമായി കളക്ടര്‍ ടി വി അനുപമ

ഐഎഎസുകാരുടെയും ഐപിഎസുകാരുടെയും ഹീറോയിസം സിനിമകളില്‍ മാത്രമേ പലരും കണ്ടിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ ചിലപ്പോഴൊക്കെ സിനിമയെ വെല്ലുന്ന കാഴ്ചകളും സംഭവങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കാറുണ്ടല്ലോ. അത്തരത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനങ്ങളുടെ ഹീറോയിനായിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ തൃശൂര്‍ കളക്ടറായിരിക്കുന്ന ടി വി അനുപമ.

ആലപ്പുഴയിലായിരുന്നപ്പോള്‍ അവര്‍ കൈക്കൊണ്ട ചില നിര്‍ണായക തീരുമാനങ്ങള്‍ രാഷ്ട്രീയക്കാരടക്കമുള്ള പലരുടെയും അഴിമതിക്കഥകള്‍ പുറത്തുവരാനും ശിക്ഷിക്കപ്പെടാനും കാരണമായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറെന്ന നിലിയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകവേയാണ് അനുപമ അടക്കമുള്ള ഏതാനും കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റമായത്.

തൃശൂരിലേയ്ക്കാണ് ടി വി അനുപമയ്ക്ക് മാറ്റമുണ്ടായത്. തൃശൂരില്‍ ചാര്‍ജെടുത്ത് രണ്ടാം ദിവസം തന്നെ അവിടുത്തെയും താരമായിരിക്കുകയാണ് അനുപമ. അത് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…

തൃശൂര്‍ ജില്ലയില്‍ ആദ്യ ദിവസംതന്നെ ഹീറോയിന്‍ ആയി,,,,,, കളക്ടര്‍ ടി.വി അനുപമ…..ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെ തന്‍മയത്വത്തോടെയാണ് ജില്ലാ കളക്ടര്‍ ടി.വി.അനുപ നേരിട്ടത്.

കടല്‍ പോലെ ഇളകി മറിഞ്ഞ സമരക്കാര്‍ക്ക് മുന്നില്‍ അവരെ കേള്‍ക്കാനും, അവരോട് പറയാനും ക്ഷമയും സമയവും നീക്കിവെച്ച തൃശൂരിന്റെ പുതിയ കളക്ടര്‍ ടി.വി.അനുപമ പ്രകടിപ്പിച്ചത് അസാമാന്യമായ പക്വതയും നയവും.

ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തിന് മുന്നില്‍ പോലീസും, റവന്യു ഉദ്യോഗസ്ഥരും രാവിലെ മുതല്‍ക്കെ നിസ്സഹായരായി നില്‍ക്കുകയായിരുന്നു. ഇതിനിടെ സ്വയം മധ്യസ്ഥരാകാന്‍ ശ്രമിച്ച ചിലരെ ചീത്ത പറഞ്ഞും, കൂകി വിളിച്ചും സമരക്കാര്‍ മടക്കിയയച്ചു.

എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടറുടെ രംഗപ്രവേശം. കാറില്‍ നിന്നിറങ്ങിയ കളക്ടറെ കൈയ്യടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സമരക്കാര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേട്ടു നിന്ന കളക്ടര്‍, എല്ലാം ഉടനടി പരിഹരിക്കുമെന്ന നടക്കാത്ത വാഗ്ദാനങ്ങളൊന്നും തന്നെ നല്‍കുന്നില്ലെന്നും, തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു.

കടല്‍ക്ഷോഭ ബാധിത പ്രദേശം സന്ദര്‍ശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച കളക്ടര്‍ എറിയാട് ചന്തക്കടപ്പുറത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കളേ്രക്ടറ്റില്‍ വിളിച്ചു ചേര്‍ത്ത ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും, താത്ക്കാലിക തടയണ, കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ പരമാവധി വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പു നല്‍കി.

പുതിയ കളക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് തങ്ങള്‍ സമരം അവസാനിപ്പിക്കുകയാണെന്നറിയിച്ച് തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിച്ചതോടെ കളക്ടര്‍ അനുപമയുടെ ഒന്നാം ദിനം വിജയകരമായി. കൊടുങ്ങല്ലൂരില്‍ നിന്ന് മടങ്ങിയ കളക്ടറെ അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചാണ് സമരക്കാര്‍ യാത്രയാക്കിയത്……ഇതല്ലേ ഹീറോയിനിസം…

Related posts