തോല്‍പ്പിക്കാനും മുറിവേല്‍പ്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും പക്ഷെ…! ജേക്കബ് തോമസ് മോഡലില്‍ നടത്തിയ വിമര്‍ശനം ഒടുവില്‍ പിന്‍വലിച്ച് അനുപമ ഐഎഎസ്; അനുപമയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത് ആയിരങ്ങള്‍…

ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കുക എന്നത് ഇപ്പോഴത്തെ ഒരു ശൈലിയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും സ്ഥിതി വ്യത്യസ്ഥമല്ല. പ്രശാന്ത് നായരും ജേക്കബ് തോമസുമടക്കമുള്ളവരും ഈ രീതി പിന്തുടരുന്നവരാണ്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമര്‍ശനം വന്നതോടെ ആലപ്പുഴ കലക്ടര്‍ അനുപമ ഐഎഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുകയുണ്ടായി. എന്നാല്‍, സംഭവം വിവാദമായതോടെ പോസ്റ്റ് കളക്ടര്‍ പിന്‍വലിക്കുകയും ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് ടി വി അനുപമ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. സമൂഹമാധ്യമത്തില്‍ ജില്ലാ കലക്ടര്‍ക്കു പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തു വന്നതിനിടെയാണു പോസ്റ്റ് പിന്‍വലിച്ചത്.

ഉച്ചയോടെ രണ്ടായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് അഞ്ഞൂറിലേറെപ്പേര്‍ വീണ്ടും പങ്കു വച്ചിരുന്നു. ജില്ലാ കലക്ടര്‍ എന്ന നിലയില്‍ ടി.വി. അനുപമയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന തരത്തിലാണു കുറിപ്പിനു ലഭിച്ച കമന്റുകള്‍.

ഇംഗ്ലിഷ് കവയിത്രി നിഖിത ഗില്ലിന്റെ കവിത ആസ്പദമാക്കി സുഹൃത്ത് പോസ്റ്റ് ചെയ്ത കുറിപ്പ് വെള്ളിയാഴ്ച രാത്രിയാണു കലക്ടര്‍ ടി.വി. അനുപമ പങ്കു വച്ചത്. അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും.

അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്നാണ് അനുപമയുടെ ഫേസ്ബുക് പോസ്റ്റ്.

തോമസ് ചാണ്ടി വിഷയത്തില്‍ അനുപമയ്‌ക്കെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കളക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

നോട്ടീസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇക്കാര്യം അനുപമയും അംഗീകരിച്ചു. ഇതോടെ, കലക്ടര്‍ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ അനുപമയുടെ പോസ്റ്റ്. സുഹൃത്തു കൈമാറിയ വരികള്‍ക്കു നന്ദി പറഞ്ഞാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടൂറിസം കമ്പനിക്കു നല്‍കിയ നോട്ടിസില്‍ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. തിരുത്തിയ നോട്ടീസാണു രണ്ടാമതു നല്‍കിയത്. ആദ്യത്തെ നോട്ടിസ് പിന്‍വലിക്കാന്‍ തയാറായിരുന്നു.

സര്‍വേ നമ്പറിലെ തെറ്റ് ആദ്യ നോട്ടീസില്‍ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിച്ചതാകാം എന്നും അനുപമ പറഞ്ഞു. രണ്ടാമത്തെ നോട്ടിസിലെ സര്‍വേ നമ്പറില്‍ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

രണ്ടാമത്തെ നോട്ടിസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. കലക്ടര്‍ പുറപ്പെടുവിച്ച ആദ്യ നോട്ടിസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി ഫെബ്രുവരി 21നു സ്‌റ്റേ ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്‌റ്റേ അനുവദിച്ചിരുന്നത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടര്‍ നോട്ടിസ് പുറപ്പെടുവിച്ചത്.

 

Related posts