ദുബായ്: ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ അത്യന്തം ആവേശകരമായ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ.
പാക് സൂപ്പർ പേസർ ഷഹീൻ അഫ്രീദി എറിഞ്ഞ 19-ാം ഓവറിന്റെ അവസാന മൂന്ന് പന്ത് സിക്സർ പറത്തി മാത്യു വേഡ് ആണ് ഓസ്ട്രേലിയയ്ക്ക് ത്രില്ലർ ജയം സമ്മാനിച്ചത്.
അതിൽ രണ്ട് സിക്സ് സ്കൂപ്പ് ഷോട്ടിലൂടെ വിക്കറ്റ് കീപ്പറിന്റെ തലയ്ക്കു മുകളിലൂടെയായിരുന്നു. 17 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 41 റൺസുമായി വേഡ് പുറത്താകാതെനിന്നു.
30 പന്തിൽ രണ്ട് വീതം സിക്സും ഫോറുമായി മാർക്കസ് സ്റ്റോയിൻസും മികച്ച പ്രകടനം കാഴ്ചവച്ചു. ആറാം വിക്കറ്റിൽ 41 പന്തിൽ ഇവർ പുറത്താകാതെ നേടിയ 81 റൺസ് കൂട്ടുകെട്ടാണ് കംഗാരുക്കളുടെ ജയത്തിനാധാരം. 6 പന്ത് ബാക്കിനിൽക്കേയാണ് 177 റൺസ് തിരിച്ചടിച്ചുള്ള ഓസീസ് ജയം.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടും. ആരു ജയിച്ചാലും പുതിയ കിരീട അവകാശിയാകും അത്.
വാർണറിന്റെ മണ്ടത്തരം
177 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് ഗോൾഡൻ ഡക്ക് ആയി. ഷഹീൻ അഫ്രീദി ഫിഞ്ചിനെ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഡേവിഡ് വാർണർ (30 പന്തിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 49) ഷദാബ് ഖാന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ റിസ്വാനു ക്യാച്ച് നൽകി പുറത്തായതായി അന്പയർ വിധിച്ചു.
എന്നാൽ, റീ പ്ലേയിൽ വാർണറിന്റെ ബാറ്റിൽ പന്ത് കൊണ്ടില്ലെന്ന് വ്യക്തമായി. ഡിആർഎസ് എടുക്കാതെ വാർണർ മടങ്ങിയത് ഓസ്ട്രേലിയയെ പിന്നോട്ടുവലിച്ചു. 11-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു വാർണറിന്റെ ആ മണ്ടത്തരം. വേഡും സ്റ്റോയിൻസും തകർത്തടിച്ചതോടെ വാർണറിന്റെ മണ്ടത്തരം ഓസ്ട്രേലിയയ്ക്ക് വിനയായില്ല.
ടോസ് നേടിയ ഓസ്ട്രേലിയ പാക്കിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പാക് ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും (52 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 67) ബാബൻ അസമും (34 പന്തിൽ അഞ്ച് ഫോറിന്റെ സഹായത്തോടെ 39) ആദ്യ വിക്കറ്റിൽ 71 റണ്‍സ് നേടി.
ബാബർ പുറത്തായതോടെ ഫഖാർ സമാൻ എത്തി. സമാൻ കത്തിക്കയറിയതോടെ പാക്കിസ്ഥാൻ മികച്ച സ്കോറിലേക്ക് കുതിച്ചു. 32 പന്തിൽനിന്ന് നാല് സിക്സും മൂന്ന് ഫോറും അടക്കം 55 റണ്‍സുമായി സമാൻ പുറത്താകാതെനിന്നു.