ക്വലാലംപുർ: ബംഗ്ലാദേശ് വനിതകൾ ഇന്ത്യയെ അട്ടിമറിച്ച് പ്രഥമ ട്വന്റി20 ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ഇന്ത്യയെ ബംഗ്ലാ പെൺകടുവകൾ മൂന്നു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ബംഗ്ലാദേശ് മറികടന്നു.
അവസാന ഓവറിൽ ഒമ്പത് റൺസായിരുന്നു ബംഗ്ലാദേശിനു വേണ്ടിയിരുന്നത്. കൗറിന്റെ ആദ്യത്തെ മൂന്നു പന്തിൽ ഒരു ഫോർ ഉൾപ്പെടെ ആറു റൺസ് ബംഗ്ലാദേശ് സ്വന്തമാക്കി. എന്നാൽ അടുത്ത രണ്ടു പന്തുകളിലും രണ്ടു വിക്കറ്റ് വീണതോടെ ഇന്ത്യ പ്രതീക്ഷയിലായി. അവസാന പന്തിൽ ബംഗ്ലാദേശിനു ജയിക്കാൻ രണ്ടു റൺസ്. ജഹാനാര ആലം ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി രണ്ടു റൺസ് ഓടിയെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (56) അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. 42 പന്തിൽ ഏഴു ഫോർ ഉൾപ്പെടുന്നതായിരുന്നു കൗറിന്റെ ഇന്നിംഗ്സ്.
ഇന്ത്യൻ നിരയിൽ ആർക്കും സിക്സർ നേടാനായില്ല. കൗർ ഒരറ്റത്ത് നങ്കൂരമിട്ട് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചപ്പോൾ മറു വശത്ത് വിക്കറ്റുകളുടെ കൂട്ട പ്രളയമായിരുന്നു. മിഥാലി രാജ് (11) വേദാ കൃഷ്ണമൂർത്തി (11), ജുലിയൻ ഗോസാമി (10) എന്നിവർക്കു മാത്രമാണ് ക്യാപ്റ്റനെ കൂടാതെ രണ്ടക്കം കടക്കാനായത്. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുനൽകിയ നഹിത അക്തറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ റുമാന അഹമ്മദും ഖദീജ തുൽ കുബ്രയുമാണ് ഇന്ത്യയെ വരിഞ്ഞുമുറിക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും അടുത്തത്തടുത്ത പന്തിൽ ഓപ്പണർമാരെ നഷ്ടപ്പെട്ടത് തിരിച്ചടിയായി. ഓപ്പണർമാരായ ഷമീമ സുൽത്താനയും (16) ആയിഷ റഹാമാനും (17) ടീം സ്കോർ 35 ൽ ആണ് പുറത്തായത്. പിന്നീട് ഫർഗാന ഹഖും (11) നിഗർ സുൽത്താനയും (27) റുമാന അഹമ്മദും (23) ചേർന്ന് ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു.