സെന്റ് ലൂസിയ: സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ 24 റണ്‍സിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ 92 റണ്‍സ് മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 205. ഓസ്ട്രേലിയ 20 ഓവറിൽ ഏഴു വിക്കറ്റിന് 181.
ഓസ്ട്രേലിയയുടെ സെമി പ്രവേശനം ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിന്റെ ഫലം അനുസരിച്ചാകും. അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഓസീസ് പുറത്താകും.
നിർണായ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. അർഷ്ദീപ് സിംഗ് മൂന്നും ജസ്പ്രീത് ബുംറയും അക്സർ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓസീസിന് ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണറെ (ആറ്) നഷ്ടമായി. പിന്നീട് ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഓസീസ് സ്കോർ ഉയർന്നു. 81 റണ്‍സ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
28 പന്തിൽ 37 റണ്‍സുമായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച മാർഷിനെ ബൗണ്ടറി ലൈനിനരുകിൽവച്ച് മികച്ചൊരു ഒറ്റക്കൈ ക്യാച്ചിൽ അക്സർ പട്ടേൽ പിടികൂടി. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഹെഡിനൊപ്പം ഗ്ലെൻ മാക്സ് വെല്ലും ചേർന്ന് റണ്‍ ഉയർത്തിക്കൊണ്ടിരുന്നു. മാക്സ്വെല്ലിനെ (12 പന്തിൽ 20) ക്ലീൻബൗൾഡാക്കി കുൽദീപ് യാദവ് ഇന്ത്യക്ക് ആശ്വാസം നൽകി.
അക്സർ പട്ടേലിനെ റിവേഴ്സ് സ്വീപ്പ് ചെയ്ത മാർക്സ് സ്റ്റോയിനിസ് പന്ത് നേരെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് പുറത്തേക്കു നടന്നു. വൈകാതെ 43 പന്തിൽ നാലു സിക്സും ഒന്‍പത് ഫോറും സഹിതം 76 റണ്‍സ് നേടിയ ഹെഡ് പുറത്തായതോടെ ഓസീസ് തോൽവിയിലേക്കു പതിച്ചു.
ഇന്ത്യയെ ബാറ്റിംഗിനു വിടാനുള്ള തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്നതു പോലെയായിരുന്നു ഓസീസ് ബൗളർ തുടങ്ങിയത്. രണ്ടാം ഓവറിൽ റണ്ണൊന്നുമെടുക്കാതെ നിന്ന വിരാട് കോഹ്ലിയെ ജോഷ് ഹെയ്സൽവുഡ് ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു.
ആക്രമണം
ഋഷഭ് പന്തിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി ക്യാപ്റ്റന്റെ അഴിഞ്ഞാട്ടം. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 29 റണ്‍സാണ് ഇന്ത്യൻ നായകൻ അടിച്ചുകൂട്ടിയത്. 50 റണ്‍സിലെത്താൻ രോഹിത്തിന് 19 പന്തുകളാണ് വേണ്ടിവന്നത്.
ട്വന്റി 20 ചരിത്രത്തിൽ രോഹിത്തിന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണിത്. ഇന്ത്യൻ സ്കോർ 52ലെത്തിയപ്പോൾ 50 റണ്‍സും രോഹിത്തിന്റേതായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു ബാറ്റർ അർധ സെഞ്ചുറി നേടുന്പോളുള്ള ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.
രോഹിത്-പന്ത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 38 പന്തിൽ നേടിയ 87 റണ്‍സിൽ 24 പന്തിൽ 70 റണ്‍സും നായകന്റെ ബാറ്റിൽനിന്ന് പിറന്നതായിരുന്നു. എട്ടാം ഓവറിൽ മാർകസ് സ്റ്റോയിനിസിന്റെ പന്തിൽ ഋഷഭ് പന്ത് (15) പുറത്താകുന്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 93 റണ്‍സ് എത്തിയിരുന്നു.
സൂര്യകുമാറിനൊപ്പം രോഹിത് ശർമയ്ക്കു കൂടുതൽ നേരം ക്രീസിൽ ചെലവഴിക്കാനായില്ല. 34 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചശേഷം ഇവർ പിരിഞ്ഞു. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത്തിനെ യോർക്കറിലൂടെ സ്റ്റാർക്ക് ക്ലീൻബൗൾഡാക്കി. 41 പന്തിൽ 92 റണ്‍സ് നേടിയ നായകന്റെ ബാറ്റിൽനിന്ന് എട്ട് സിക്സും ഏഴു ഫോറുമാണ് പിറന്നത്.
പുരുഷ ട്വന്റി 20 ലോകകപ്പിൽ ഒരു ഇന്ത്യൻ നായകന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2021ൽ പാക്കിസ്ഥാനെതിരേ കോഹ്ലി നേടിയ 57 റണ്‍സാണ് ഇതിനുമുന്‍പത്തെ ഉയർന്ന സ്കോർ. രോഹിത്തിന്റെ 92 റണ്‍സ് ലോകകപ്പിൽ ഒരു ഇന്ത്യൻ ഓപ്പണർ നേടുന്ന ഉയർന്ന സ്കോറുമാണ്.
ഇന്ത്യൻ സ്കോർ 159ലെത്തിയപ്പോൾ സൂര്യകുമാറിനെ (31) സ്റ്റാർക്ക് വിക്കറ്റ്കീപ്പർ മാത്യു വേഡിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവരിൽ ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ (27*) എന്നിവർ തിളങ്ങിയതോടെ ഇന്ത്യയുടെ സ്കോർ 200 കടന്നു.