ദുബായി: യുഎഇ-ഒമാൻ രാജ്യങ്ങൾ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിൽ 70 ശതമാനം കാണികളെ ഗാലറികളിൽ പ്രവേശിപ്പിക്കാൻ ഐസിസി തീരുമാനിച്ചു. കോവിഡിന് ശേഷം യുഎഇ, ഒമാൻ രാജ്യങ്ങളിൽ ആദ്യമായാണ് ഇത്രയധികം കാണികൾക്ക് ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കുന്നത്.
ജൂണിൽ യുഎഇ വേദിയായ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ രണ്ടാംഘട്ട മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ നിലവിൽ പുരോഗമിച്ചുകൊണ്ടിരുന്ന ഐപിഎൽ രണ്ടാംഘട്ടത്തിന് നിയന്ത്രിത അളവിൽ കാണികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പനയും ഐസിസി ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഭീതി മൂലമാണ് ഇന്ത്യ വേദിയാകേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് യുഎഇ-ഒമാൻ രാജ്യങ്ങളിലേക്ക് മാറ്റിയത്.
ഒക്ടോബർ 17ന് മസ്കറ്റിലാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുക. പാപ്പുവ ന്യൂ ഗിനിയ ആതിഥേയരായ ഒമാനെ ആദ്യ മത്സരത്തിൽ നേരിടും. ഐസിസി റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ഇവർക്കൊപ്പമുള്ള പോരാട്ടത്തിന് മറ്റ് ടീമുകൾ യോഗ്യത മത്സരങ്ങൾ കളിക്കും. നാല് ടീമുകൾക്കാണ് ഇത്തരത്തിൽ യോഗ്യത ലഭിക്കുക.