പാക്കിസ്ഥാനെതിരേ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീമിനുള്ളിലും പുറത്തും നിരവധി പ്രശ്നങ്ങൾ തലപൊക്കി. ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനു മുന്നിൽ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു കഴിഞ്ഞദിവസത്തേത്.
ഫോമിലില്ലാത്ത ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തുന്നതിനെതിരേയും ഫോമിലുള്ള ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താതിരിക്കുന്നതുമെല്ലാമായി ഇന്ത്യൻ ടീമിന്റെ അന്തരീക്ഷം കലങ്ങി മറിഞ്ഞിരിക്കുന്നു.
ഹാർദിക് വിഷയം
ഇന്ത്യ ലോകകപ്പിൽ കളിക്കുന്നതിനു മുന്പുതന്നെ ഹാർദിക് പാണ്ഡ്യയുടെ വിഷയം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പരിക്കിൽനിന്നു പൂർണമായി മുക്തനാകാത്ത ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിനെ ക്രിക്കറ്റ് നിരീക്ഷകർ വിമർശിക്കുകയും ചെയ്തു.
പാക്കിസ്ഥാനെതിരായ 10 വിക്കറ്റ് തോൽവിയിൽ ഹാർദിക്കിന്റെ റോൾ എടുത്തുപറയേണ്ടിയിരിക്കുന്നു. ഏഴാം നന്പർ ബാറ്ററായി ക്രീസിലെത്തിയ ഹാർദിക് 8 പന്തിൽ 11 റണ്സ് മാത്രമാണ് നേടിയത്.
വന്പനടിക്കാരനെന്നു പേരുകേട്ട ഹാർദിക് ഫോമിലല്ലെന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾക്കുതന്നെ അറിയാമെന്നതിന്റെ സൂചനയായിരുന്നു ഹാർദിക്കിനു മുന്പ് രവീന്ദ്ര ജഡേജയെ ബാറ്റിംഗിനിറക്കിയത്.
പാക്കിസ്ഥാനെതിരേ ഇറങ്ങുന്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ നെഗറ്റീവ് ആയി ചൂണ്ടിക്കാണിക്കപ്പെട്ടതും ഹാർദിക്കിന്റെ പ്ലേയിംഗ് ഇലവണിലെ സ്ഥാനമാണ്.
കാരണം, ഹാർദിക് ബൗൾ ചെയ്യുന്നില്ല, ബാറ്റിംഗിൽ പഴയ വിസ്ഫോടനവുമില്ല. ബൗൾ ചെയ്യാതിരിക്കുന്നതോടെ ഇന്ത്യക്കു മുന്നിൽ ആറാം നന്പർ ബൗളർ എന്ന സാധ്യത അടഞ്ഞു.
മത്സരത്തിനിടെ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ പതിച്ച ഹാർദിക്കിനെ സ്കാനിംഗിനു വിധേയമാക്കി. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിനു മുന്പ് ഹാർദിക് ആരോഗ്യം വീണ്ടെടുക്കുമെന്നാണു സൂചന.
രോഹിത്തിനു പകരം ഇഷാൻ!
തോൽവിക്കുശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയ വിരാട് കോഹ്ലിക്കു മുന്നിൽ അപകടകരമായ ഒരു ചോദ്യമുയർന്നു, രോഹിത് ശർമയ്ക്ക് പകരം ഫോമിലുള്ള ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താമായിരുന്നില്ലേ എന്ന്.
വിവാദമാണ് ആവശ്യമെങ്കിൽ നേരത്തേ പറയേണ്ടേ എന്നായിരുന്നു കോഹ്ലിയുടെ മറുപടി. രോഹിത്തിനെ മാറ്റണമെന്ന ചിന്തതന്നെ എങ്ങനെ ഉണ്ടായെന്നും കോഹ്ലി അദ്ഭുതം പ്രകടിപ്പിച്ചു.
മികച്ചതെന്ന് എനിക്ക് തോന്നുന്ന ഒരു ടീമിനെവച്ചാണു ഞാൻ കളിച്ചത്. എന്താണ് നിങ്ങളുടെ അഭിപ്രായം? ട്വന്റി-20 ടീമിൽ നിന്ന് നിങ്ങൾ രോഹിത്തിനെ ഒഴിവാക്കുമോ? കഴിഞ്ഞ കളിയിൽ ഞങ്ങൾക്കായി അദ്ദേഹം എങ്ങനെയാണു കളിച്ചതെന്നു നിങ്ങൾക്കറിയാമോ? അവിശ്വസനീയമായ കാര്യമാണിത്.
നിങ്ങൾക്ക് വിവാദങ്ങളാണു വേണ്ടതെങ്കിൽ ദയവായി എന്നോടു നേരത്തെ പറയണം. എന്നാൽ അതിനനുസരിച്ച് എനിക്ക് ഉത്തരം നൽകാമല്ലോ- കോഹ്ലി മറുപടി നൽകി.