ദുബായ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയും ന്യൂസിലൻഡും നാളെ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു.
ആദ്യ മത്സരത്തില്‍ തോറ്റതിന്റെ ആഘാതത്തിലാണ് സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിൽ വിരാട് കോഹ്ലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ കിവീസും ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് പോരാട്ടം.
ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാൻ സെമി ഫൈനലിനോട് അടുത്തു. സൂപ്പർ 12 റൗണ്ടിലെ ഒാരോ ഗ്രൂപ്പില്‍നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് സെമിഫൈനലിലെത്തുക.
ഇന്ത്യക്കും കിവികള്‍ക്കും പിഴച്ചത് പാക്കിസ്ഥാന്റെ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ നാളെ രണ്ടു ടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്.
കണക്കിൽ കിവീസ്
ഇന്ത്യക്കെതിരേയുള്ള മുൻ കണക്കുകള്‍ കിവീസിന് അനുകൂലമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ വലിയ ആധിപത്യമാണ് കിവീസിനുള്ളത്.
2003ലെ ലോകകപ്പിലാണ് ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിവീസിനെ തോല്‍പ്പിക്കുന്നത്. പിന്നീട് നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ജയം കിവീസിനായിരുന്നു.
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസീലന്‍ഡ് ഫൈനലില്‍ കടന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാനും ന്യൂസിലന്‍ഡിനായിരുന്നു. ഈ കണക്കുകള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
ടോസ് നിർണായകം
ദുബായിയില്‍ രണ്ടാമത് പന്തെറിയുന്ന ടീമിന് പ്രതീക്ഷിച്ച വിജയ പ്രതീക്ഷ നിലനിർത്താനാകുന്നില്ല. മഞ്ഞുവീഴ്ചയാണ് പ്രധാന വെല്ലുവിളി. അതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണായകമാകും.
വിരാട് കോഹ്ലിയെന്ന നായകന് ടോസ് ഭാഗ്യത്തില്‍ വളരെ പിന്നിലാണ്. പ്രധാന മത്സരങ്ങളിലെല്ലാം ടോസ് കോഹ്ലിയെ ചതിച്ചിട്ടുള്ളതായാണ് ചരിത്രം.
ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ മറ്റൊരു തോല്‍വിയിലേക്ക് ഇന്ത്യ വീഴാനുള്ള സാധ്യത കൂടുതലാണ്.