ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ തങ്ങളുടെ ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ.
47 റണ്‍സിനാണ് ടീം ഇന്ത്യ ജയം നേടിയത്. സൂര്യകുമാർ യാദവിന്റെ (53) അർധ സെഞ്ചുറിയും ജസ്പ്രീത് ബുംറയുടെ മിന്നും ബൗളിംഗുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ട്വന്റി-20യിൽ അഫ്ഗാനിസ്ഥാനെതിരേ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല എന്ന ചരിത്രം ഇന്ത്യ ബാർബഡോസിലും തുടർന്നു. സ്കോർ: ഇന്ത്യ 181/8 (20). അഫ്ഗാനിസ്ഥാൻ 134 (20).
182 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ അഫ്ഗാനിസ്ഥാൻ ബാറ്റർമാരെ ജസ്പ്രീത് ബുംറയും അർഷദീപ് സിംഗും ചേർന്ന് സ്വീകരിച്ചത് മാസ്മരിക കട്ടർ ബോളുകളുമായി ആയിരുന്നു. ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസ് (11), ഹസ്റത്തുള്ള സാസി (2) എന്നിവർ ബുംറയ്ക്കു മുന്നിൽ വീണു. ആറാം നന്പർ ബാറ്ററായ നജിബുള്ള സദ്രനെയും (19) മടക്കി ബുംറ മൂന്ന് വിക്കറ്റ് തികച്ചു. നാല് ഓവറിൽ ഏഴു റണ്‍സിന് മൂന്നു വിക്കറ്റ് എന്നതായിരുന്നു ബുംറയുടെ ബൗളിംഗ്.
സ്പിന്നർമാരായ അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും വിക്കറ്റ് വേട്ടയിലേക്ക് എത്തി. ഇബ്രാഹിം സദ്രനെ (8) അക്സറും ഗുൽബാദിൻ നബി (17), മുഹമ്മദ് നബി (14) എന്നിവരെ കുൽദീപും അസ്മത്തുള്ള ഒമർസായിയെ (26) ജഡേജയും മടക്കി. റഷീദ് ഖാൻ (2), നവീൻ ഉൾ ഹഖ് (0) എന്നിവരെ 18-ാം ഓവറിന്റെ അടുത്തടുത്ത പന്തുകളിലും 20-ാം ഓവറിന്റെ അവസാന പന്തിൽ നൂർ അഹമ്മദിനെയും (12) അർഷദീപ് പുറത്താക്കിയതോടെ അഫ്ഗാൻ തരിപ്പണം.
സൂര്യ ഫിഫ്റ്റി
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. സ്കോർ 11ൽ നിൽക്കേ ക്യാപ്റ്റൻ രോഹിത് ശർമ (എട്ട്) പുറത്ത്. ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ കൂറ്റനടിക്കു ശ്രമിച്ച രോഹിത്തിനു പിഴച്ചു. മിഡ് ഓണിൽ റഷീദ് ഖാന്റെ ക്യാച്ചിൽ രോഹിത് മടങ്ങി. പിന്നീട് വിരാട് കോഹ്ലിക്കൊപ്പം ഋഷഭ് പന്ത് ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർ പതുക്കെ ചലിച്ചുതുടങ്ങി.
മികച്ച രീതിൽ മുന്നോട്ടു നീങ്ങിയ ഈ കൂട്ടുകെട്ട് റഷീദ് ഖാൻ പൊളിച്ചു. ഋഷഭ് പന്തിനെ (11 പന്തിൽ 20) വിക്കറ്റിനു മുന്നിൽ കുരുക്കി റഷീദ് ഖാൻ പുറത്താക്കി. 25 പന്തിൽ 43 റണ്‍സ് പന്ത് – കോഹ്ലി കൂട്ടുകെട്ടിൽ പിറന്നു. തൊട്ടുപിന്നാലെ കോഹ്ലിയെയും (24 പന്തിൽ 24) റഷീദ് ഖാൻ പുറത്താക്കി. എക്സ്ട്രാ കവറിലേക്ക് ലോഫ്റ്റ് ഷോട്ടിനു ശ്രമിച്ച കോഹ്ലിയെ ലോംഗ് ഓഫിൽ മുഹമ്മദ് നബി ക്യാച്ചെടുക്കുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും ശിവം ദുബെയും ചേർന്ന് ആക്രമിച്ചു കളിച്ചുതുടങ്ങി. എന്നാൽ, ഈ കൂട്ടുകെട്ടിന് അധികനേരം നിൽക്കാനായില്ല. ദുബെയെ (ഏഴു പന്തിൽ 10) വിക്കറ്റിനു മുന്നിൽ കുരുക്കി റഷീദ് ഖാൻ ഈ കൂട്ടുകെട്ടും തകർത്തു. സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും ചേർന്നുള്ള അഞ്ചാം വിക്കറ്റ് സഖ്യമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
28 പന്തിൽ അഞ്ച് ഫോറിന്റെയും മൂന്നു സിക്സിന്റെയും അകന്പടിയിൽ സൂര്യകുമാർ യാദവ് 53 റണ്‍സ് നേടി. 189.28 ആയിരുന്നു സൂര്യയുടെ സ്ട്രൈക്ക് റേറ്റ്. ട്വന്റി-20യിൽ സൂര്യകുമാറിന്റെ 19-ാം അർധസെഞ്ചുറിയാണ്.
ഹാർദിക് പാണ്ഡ്യയും (24 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 32) സൂര്യകുമാറും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 37 പന്തിൽ 60 റണ്‍സ് അടിച്ചെടുത്തു. സൂര്യകുമാറിനെ പുറത്താക്കി ഫസൽഹഖ് ഫറൂഖിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹാർദിക്കിനെ നവീൻ ഉൾ ഹഖും മടക്കി. പിന്നീടെത്തിയ രവീന്ദ്ര ജഡേജ (ഏഴ്), അക്സർ പട്ടേൽ (12) എന്നിവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ട് പന്തിൽ രണ്ട് റണ്‍സുമായി അർഷദീപ് സിംഗ് പുറത്താകാതെ നിന്നു.
മാറ്റവുമായി ഇന്ത്യ
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച പ്ലേയിംഗ് ഇലവനിൽ ചെറിയ മാറ്റവുമായാണ് ഇന്ത്യ സൂപ്പർ എട്ടിലെ ആദ്യപോരാട്ടത്തിന് ഇന്നലെ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജിനു പകരം സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തി രോഹിത് ശർമ ഇന്ത്യൻ ടീമിനെ കളത്തിലിറക്കി. സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർക്കു പുറമേയാണ് സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടത്.