ബ്രിസ്ബെയ്ന്‍: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇന്നു തുടക്കമാകും. ട്വന്റി 20 യോടെയാണു പര്യടനം ആരംഭിക്കുന്നത്. മൂന്നു ട്വന്റി 20യാണു പരമ്പരയിലുള്ളത്. നിലവില്‍ ഇന്ത്യയാണ് കരുത്തര്‍. കളത്തിന് അകത്തും പുറത്തും തകര്‍ച്ചയിലായിരിക്കുന്ന ഓസ്ട്രേലിയ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യത്തിലാണ് ഇറങ്ങുന്നത്.
ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ആത്മവിശ്വാസത്തോടെ ഇറങ്ങാനായ ട്വന്റി20 പരമ്പരയില്‍ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയാണെങ്കില്‍ ട്വന്റി20യിൽ മികച്ച ഫോമിലാണ്. 2017 നവംബര്‍ മുതലുള്ള എല്ലാം പരമ്പരയും നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്.
കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി20 പരമ്പരയില്‍ 3-0നാണ് ഇന്ത്യ ജയിച്ചത്. ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കു മേല്‍ മികച്ച റിക്കാര്‍ഡാണുള്ളത്. ഇരുടീമും ഈ ഫോര്‍മാറ്റില്‍ 15 തവണ ഏറ്റുമുട്ടിയപ്പോൾ പത്തെണ്ണത്തില്‍ ഇന്ത്യ ജയിച്ചു. അഞ്ചെണ്ണം ഓസീസും ജയിച്ചു.
പന്തുചുരുണ്ടല്‍ വിവാദത്തിനുശേഷം ഓസ്ട്രേലിയന്‍ ടീമിനു ഫോമിലെത്താനായിട്ടില്ല. ടീമിലെ പ്രധാനികളായിരുന്ന സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിലക്ക് ഓസീസിനെ തളര്‍ത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ ഉയർത്തെഴുന്നേൽപ്പാണ് ആരോണ്‍ ഫിഞ്ചും സംഘവും പ്രതീക്ഷിക്കുന്നത്. ഫിഞ്ചിനു പുറമേ ഗ്ലെന്‍ മാക്സ്വെല്, ക്രിസ് ലിന്, ഡി ആര്‍സി ഷോര്‍ട്ട് എന്നിവര്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവരാണ്. നഥാന്‍ കോള്‍ട്ടര്‍ നീല്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ പേസ് കൈകാര്യം ചെയ്യും.
കഴിഞ്ഞ ട്വന്റി 20 പരമ്പരകളിലൊന്നും ഓസ്ട്രേലിയയ്ക്കു ജയിക്കാനായിട്ടില്ല. ഇംഗ്ലണ്ടിനോടു തോറ്റ ഓസീസ് പാക്കിസ്ഥാനോട് രണ്ടു തവണ തോറ്റു. ഒന്ന് സിംബാബ് വേയില്‍ നടന്ന ട്വന്റി 20 ത്രിരാഷ് ട്ര പരമ്പരയുടെ ഫൈനലിലും ഒരണ്ണം യുഎഇയില്‍ നടന്ന മൂന്നു മത്സര പരമ്പരയിലുമാണു പാക്കിസ്ഥാനോടു തോറ്റത്. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയോടും തോറ്റു.
എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നിരയില്‍ നായകന് വിരാട് കോഹ്ലി തിരിച്ചുവരുന്നതോടെ ടീം ശക്തമാകും. വിന്‍ഡീസിനെതിരേ നടന്ന പരമ്പരയില്‍ കോഹ്ലി കളിച്ചിരുന്നില്ല.
ഇന്ത്യ 12 പേരെ പ്രഖ്യാപിച്ചു
ഇന്നത്തെ മത്സരത്തിനുള്ള അവസാന 12 പേരെ ഇന്ത്യ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍മാരായ ദിനേശ് കാര്‍ത്തികും ഋഷഭ് പന്തും ടീമിലുണ്ട്. വിരാട് കോഹ് ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവര്‍ മുന്‍നിരയിലുണ്ട്. പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ സ്ഥാനം ഉറപ്പിക്കും. സ്പിന്നര്‍ കൃണാല്‍ പാണ്ഡ്യ, ഓള്‍റൗണ്ടര്‍ എന്ന പേരില്‍ ആദ്യ പതിനൊന്നില്‍ സ്ഥാനം പിടിച്ചേക്കും. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടിവരും.