ജോഹന്നാസ്ബർഗ്: ക്യാപ്റ്റർ സൂര്യകുമാർ യാദവിന്റെ സെഞ്ചുറിയും കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ചേർന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യക്ക് മിന്നും ജയം. 106 റൺസിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയിൽ അവസാനിച്ചു.
സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201. ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95. 2.5 ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 56 പന്തിൽ എട്ട് സിക്സും ഏഴ് ഫോറും അടക്കം സൂര്യകുമാർ യാദവ് 100 റൺസ് നേടി. സൂര്യകുമാറിന്റെ നാലാം ട്വന്റി-20 സെഞ്ചുറിയാണ്.
ജയിച്ചാൽ പരന്പര സമനിലയിലാക്കാം എന്ന അവസ്ഥയിലാണ് മൂന്നാം ട്വന്റി-20ക്ക് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്കു നൽകിയത്.
എന്നാൽ, ഏഴ് പന്തിൽ 12 റണ്‍സ് നേടിയ ഗില്ലിനെ കേശവ് മഹാരാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ തിലക് വർമയെയും (0) പുറത്താക്കി കേശവ് മഹാരാജ് ഇരട്ടപ്രഹരമേകി.
എന്നാൽ, ജയ്സ്വാൾ – സൂര്യകുമാർ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 70 പന്തിൽ 112 റണ്‍സ് അടിച്ചുകൂട്ടി.
41 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 60 റണ്‍സ് നേടിയ യശസ്വിയെ പുറത്താക്കി ഷംസി ആ കൂട്ടുകെട്ട് പൊളിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജിനൊപ്പം ലിസാഡ് വില്യംസും രണ്ട് വിക്കറ്റ് സ്വന്തമാക്കി.