കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര ഇന്നു തുടങ്ങും. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കില്‍. ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ജയിച്ച ഇന്ത്യ ട്വന്റി 20യിലും ആധിപത്യം തുടരാനാണ് ഇറങ്ങുന്നത്. ഇന്ത്യക്ക് തങ്ങളുടെ ബെഞ്ചിലെ താരങ്ങളുടെ പ്രകടനം അളക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
ടെസ്റ്റ് പരമ്പര നേടിയശേഷം സ്ഥിരം നായകന് വിരാട് കോഹ് ലി ഇല്ലാതെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്കയെ നേരിടാനിറങ്ങി. ആദ്യ മത്സരത്തില്‍ തീര്‍ത്തും നാണംകെട്ട തോല്വിയേറ്റുവാങ്ങിയശേഷം അടുത്ത രണ്ടു മത്സരവും ആധികാരികമായി ജയിച്ച് രോഹിത് ശര്‍മയും കൂട്ടരും ഏകദിന പരമ്പര കീശയിലാക്കി.
ഏകദിന പരമ്പരയിലെ ധര്‍മശാലയില്‍ നടന്ന ആദ്യ മത്സരത്തിനുശേഷം ശ്രീലങ്കയുടെ ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് അനായാസം നേരിട്ടു. മൊഹാലിയില്‍ വന്‍ ജയം നേടിയ ഇന്ത്യക്കെതിരേ വിശാഖപട്ടണത്തുനടന്ന നിര്‍ണായക മത്സരത്തില്‍ ഒരു വിക്കറ്റിന് 136ല്‍നിന്ന ലങ്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടതോടെ 215 റണ്‍സിന് ഓള്‍ഔട്ടായി.
കുല്‍ദീപ് യാദവിന്റെ പന്തില്‍ ഉപുല്‍ തരംഗയെ പുറത്താക്കിയ മഹേന്ദ്ര സിംഗ് ധോണിയുടെ സ്റ്റംപിങ്ങാണ് മൂന്നാം മത്സരത്തിന്റെ ഗതി തിരിച്ചത്. കുല്‍ദീപും യുസ് വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ട്വന്റി 20യില്‍ വ്യത്യസ്തമായ കളിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ മത്സരത്തെ കാര്യമായിട്ടാണ് നോക്കുന്നത്. ഏകദിനത്തില്‍ ആദ്യ മത്സരത്തിലേറ്റപോലെ ഒരു ബാറ്റിംഗ് തകര്‍ച്ച ട്വന്റി-20യില്‍ ഉണ്ടാകാതിരിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇരുടീമും ട്വന്റി 20യില്‍ ഏറ്റുമുട്ടിയ ഇന്ത്യ 7-4ന് ലീഡ് ചെയ്യുകയാണ്.
ഇന്നത്തെ മത്സരം നടക്കുന്ന ബാരാബതി സ്റ്റേഡിയം ഇന്ത്യക്കു നല്ല ഓര്‍മകള്‍ നല്‍കുന്നതല്ല. 2015 ഈ സ്റ്റേഡിയത്തില്‍വച്ച് ദക്ഷിണാഫ്രിക്ക ഇന്ത്യയെ 92 റണ്‍സിനു പുറത്താക്കി അനായാസ ജയം സ്വന്തമാക്കിയതാണ്. ഈയൊരു നാണക്കേടിന്റെ ചരിത്രം ബാരാബതി സ്റ്റേഡിയത്തിലുള്ളതിനാല് കരുതിയാകും രോഹിതും കൂട്ടരും കളിക്കുക.
ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ നായകന് രോഹിതിലാണ്. നായകനൊപ്പം കെ.എല്‍. രാഹുലിറങ്ങും. മധ്യനിരയ്ക്കും വാലറ്റത്തിലും ജോലി ഭാരം കുറയ്ക്കുന്നതിനായി മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ട്വന്റി 20യില്‍ ധോണിയുടെ ബാറ്റിംഗിനെ ഏവരും ഉറ്റുനോക്കുകയാണ്.
ഇടങ്കയ്യന്‍ പേസര്‍ ജയദേവ് ഉനദ്കടിനെ ടീമില്‍ തിരിച്ചുവിളിച്ചു. കഴിഞ്ഞ വര്‍ഷം സിംബാബ് വേയ്ക്കെതിരേയാണ് ഉനദ്കട് അവസാനമായി കളിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍, ബേസില്‍ തമ്പി, ദീപക് ഹൂഡ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. ഹൂഡ മികച്ചൊരു ഓള് റൗണ്ടറാണ്. ഭുവനേശ്വര്‍ കുമാറിനു വിശ്രമം അനുവദിച്ചതുകൊണ്ട് ബൗളിംഗ് ഭാരം ജസ്പ്രീത് ബുംറയിലാകും. കേരള പേസര്‍ ബേസില്‍ തമ്പി സ്ഥിരതയോടെ യോര്‍ക്കറുകള്‍ എറിയാന്‍ പ്രാപ്തനാണ്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ചാഹലും ഫോമിലാണ്.
മറുവശത്തുള്ള ശ്രീലങ്ക ഈ വര്‍ഷം തുടര്‍ച്ചയായി അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ തോറ്റു. ഏപ്രിലില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു തുടങ്ങിയത്. ബാറ്റിംഗില്‍ മൂന്നാം ഏകദിനത്തില്‍ ഉപുല്‍ തരംഗ 95 റണ്‍സുമായി ഫോമിലാണെന്നു തെളിയിച്ചു. രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ എയ്ഞ്ചലോ മാത്യൂസ്, നിരോക്ഷന് ഡിക്വെല എന്നിവരുടെ ഫോമിലേക്കാണ് ലങ്ക ശ്രദ്ധിക്കുന്നത്.
ധര്‍മശാലയിലെ ബൗളിംഗിനുശേഷം ശ്രീലങ്കയുടെ പന്തേറ് അടുത്ത മത്സരങ്ങളില്‍ തീര്‍ത്തും മോശമായി. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 112 റണ്‍സിനു പുറത്താക്കിയ ലങ്കന്‍ പന്തേറുകാര്‍ക്ക് അടുത്ത മത്സരങ്ങളില്‍ ആകെ ആറു വിക്കറ്റ് വീഴ്ത്താനേ സാധിച്ചുള്ളൂ. ശ്രീലങ്കയും ഒരു തിരിച്ചുവരവിനായിട്ടാണ് ഇറങ്ങുന്നത്.