മുംബൈ: ഏകദിന പരന്പര ഓസ്ട്രേലിയൻ വനിതകൾക്കു മുന്നിൽ അടിയറവച്ച ഇന്ത്യൻ വനിതകൾക്ക് ത്രിരാഷ് ട്ര ട്വന്റി-20യിലും രക്ഷയില്ല. പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾ 11 പന്ത് ശേഷിക്കേ ആറു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി.
സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152. ഓസ്ട്രേലിയ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 156. 32 പന്തിൽ 45 റണ്‍സ് നേടിയ ഓപ്പണർ ബെത് മൂണിയാണ് ഓസീസിനെ ജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്കായി 41 പന്തിൽ 11 ഫോറും രണ്ട് സിക്സും അടക്കം സ്മൃതി മന്ദാന 67 റണ്‍സ് എടുത്തു, മിതാലി രാജ് 27 പന്തിൽ 18ഉം. ഓപ്പണിംഗ് വിക്കറ്റിൽ 9.3 ഓവറിൽ 72 റണ്‍സ് ഇന്ത്യ നേടി.
തുടർന്നു ക്രീസിലെത്തിയ ക്യാപ്റ്റ ൻ ഹർമൻപ്രീത് കൗർ (16 പന്തിൽ 13 റണ്‍സ്), ജെമിമ റോഡ്രിഗസ് (മൂന്ന് പന്തിൽ ഒന്ന്) എന്നിവർ വേഗത്തിൽ മടങ്ങി. വേദ കൃഷ്ണകുമാരി (10 പന്തിൽ 15 നോട്ടൗട്ട്), അനുജ പാട്ടീൽ (21 പന്തിൽ 35) എന്നിവരുടെ ബാറ്റിംഗ് ആണ് സ്കോർ 150 കടത്തിയത്.
ഓസീസിനായി മൂണിക്കുപിന്നാലെ ഗാർഡ്നർ (എട്ട് പന്തിൽ 15), എൽസി വില്ലാനി (33 പന്തിൽ 39), മെഗ് ലാനിംഗ് (25 പന്തിൽ 35 നോട്ടൗട്ട്) തുടങ്ങിയവർ മികവുകാട്ടി.