മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 ഫോർമാറ്റിൽ നിലവിൽ പരീക്ഷിക്കുന്നത് ഹൈ റിസ്ക് മോഡലാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ.
ഒരു ടാർഗറ്റ് സെറ്റ് ചെയ്തശേഷം എന്തുവിലകൊടുത്തും അതിലേക്ക് എത്തുക എന്ന കില്ലർ മോഡൽ ബാറ്റിംഗാണ് ഗൗതം ഗംഭീർ ഹൈ റിസ്ക് ശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗംഭീറിന്റെ പരിശീലനത്തിനു കീഴിൽ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം ടീം ഇന്ത്യയുടെ ബാറ്റിംഗ് ശൈലി അതിന് അടിവരയിടുകയും ചെയ്തു. ഐസിസി ട്വന്റി-20 ലോകകപ്പ് ജയത്തിനുശേഷം ശ്രീലങ്കൻ പര്യടനത്തോടെയാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയത്.
സഞ്ജു, അഭിഷേക്, തിലക്
ഇന്ത്യ ഇപ്പോൾ പ്രയോഗിച്ച് ഫലം കണ്ടുവരുന്ന ഹൈ റിസ്ക് ബാറ്റിംഗ് ശൈലിക്ക് അടിസ്ഥാനം സഞ്ജു സാംസണ്, അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ ആക്രമണ ബാറ്റിംഗാണ്. ഗംഭീർ എത്തിയശേഷമാണ് സഞ്ജുവും (മൂന്ന്) തിലക് വർമയും (രണ്ട്) ട്വന്റി-20 കരിയറിലെ സെഞ്ചുറി നേട്ടങ്ങൾ ആഘോഷിച്ചത്. ഏറ്റവും ഒടുവിൽ അഭിഷേക് ശർമയും ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയിലൂടെ ഈ പട്ടികയിലേക്കെത്തി.
രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ സൂര്യകുമാർ യാദവായിരുന്നു ടീം ഇന്ത്യയുടെ ട്വന്റി-20 എക്സ് ഫാക്ടർ. ഇപ്പോൾ സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ സഞ്ജു, അഭിഷേക്, തിലക് ത്രിമൂർത്തികളിൽ ആരുടെ ബാറ്റിൽനിന്നാണ് സെഞ്ചുറി പിറക്കുന്നത് എന്ന ഒരു ചോദ്യംമാത്രമാണുള്ളത്. അതാണ് ഗംഭീറിന്റെ ഹൈ റിസ്ക് ശൈലി. അതുകൊണ്ടുതന്നെ ചില ഇന്നിംഗ്സുകളിൽ സഞ്ജു പരാജയപ്പെടുന്പോൾ ടീമിനു പുറത്തുപോകുമോ എന്ന ആരാധക ആശങ്കയ്ക്കു നിലവിൽ സ്ഥാനമില്ലെന്നു പറയാം.
250-260 ലക്ഷ്യം
ആദ്യം ബാറ്റ് ചെയ്യുന്പോൾ ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത് 250-260 റണ്‍സ് ആണെന്നാണ് ഗൗതം ഗംഭീറിന്റെ മറ്റൊരു തുറന്നു പറച്ചിൽ. ട്വന്റി-20യിൽ 200 കടക്കുന്നതുതന്നെ അദ്ഭുതമായി കരുതിയ സമയമുണ്ടായിരുന്നു എന്നതും ഇതിനോടു ചേർത്തുവായിക്കണം. 160-170 റണ്‍സ് ഉണ്ടെങ്കിൽ ജയിക്കാമെന്ന പഴയ ചിന്താഗതിയും ടീം ഇന്ത്യ മാറ്റിയിരിക്കുന്നു. ഗംഭീർ മുഖ്യപരിശീലകനായശേഷം ഇന്ത്യ ആറു തവണ 200നു മുകളിൽ സ്കോർ ചെയ്തു. അതിൽ രണ്ടു തവണ 280നു മുകളിലും.
250-260 ടോട്ടൽ ലക്ഷ്യംവയ്ക്കുന്പോൾ ചിലപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞേക്കാമെന്നും 120-130 റണ്‍സിൽ പുറത്തായേക്കാമെന്നും ഗംഭീർ സൂചിപ്പിച്ചു. അതുകൊണ്ടാണ് നിലവിലെ ശൈലിയെ ഹൈ റിസ്ക് എന്ന് ഗംഭീർ വിശേഷിപ്പിക്കുന്നത്.
1990കളുടെ മധ്യത്തിൽ സനത് ജയസൂര്യയുടെ ശ്രീലങ്കൻ ടീം ഏകദിന ക്രിക്കറ്റിലെ ആദ്യ 15 ഓവറിൽ റണ്‍ അടിച്ചുകയറ്റുന്ന ശൈലി വിജയകരമായി പരീക്ഷിച്ചിരുന്നു. ഫീൽഡിംഗ് നിയന്ത്രണമുള്ള ഈ 15 ഓവറിലെ കടന്നാക്രമണത്തിലൂടെ ശ്രീലങ്ക ഏകദിന ലോകകപ്പ് നേട്ടത്തിൽവരെ എത്തുകയും ചെയ്തു.
പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനു കീഴിൽ നിലവിൽ പ്രയോഗിക്കുന്ന ബാസ് മോഡലാണ് മറ്റൊരു വിപ്ലവമായി ഏവരും കണ്ടത്. ട്വന്റി-20യിൽ ഇന്ത്യയുടെ പുതിയ ശൈലി ഇപ്പോൾ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നു.