കോട്ടയം: ഇടതു വലതു ബിജെപി മുന്നണികൾക്കെതിരെ കോട്ടയം നഗരസഭയിൽ ട്വന്റി ട്വന്റി കൂട്ടായ്മ. നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി വാർഡുവിഭജനം പൂർത്തിയായ ഉടൻ രണ്ടു വാർഡുകളിലേക്ക് കൂട്ടായ്മ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
കഴിഞ്ഞ 50 വർഷമായി മാറി മാറി നഗരഭരണം കൈയാളിയ ഇടതു വലതു മുന്നണികൾക്കും ബിജെപിക്കും നഗരസഭയുടെ വികസന കാര്യത്തിൽ കാര്യമായ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നാണ് കൂട്ടായ്മ ആരോപിക്കുന്നത്.
സംവരണ വാർഡായ 14ൽ ബിന്ദു എസ്. കുമാറിനെയും 21-ാം വാർഡിൽ സ്വതന്ത്ര കൗണ്‍സിലറായ ജയശ്രീ കുമാറിനെയുമാണു ജനകീയ കൂട്ടായ്മ പ്രഖ്യാപിച്ചത്.
വരുംദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ജനകീയ കൂട്ടായ്മ നേതാക്കൾ അറിയിച്ചു.
അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്താനും നഗരസഭയിലെ ആളുകളുടെ ആഗ്രഹത്തിനൊത്ത് വികസ പദ്ധതികൾ രൂപീകരിക്കാനും നടപ്പാക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.