ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് 2021ൽ ഏറ്റവും ശ്രദ്ധേയമായ ടീമായിരിക്കുകയാണു പാക്കിസ്ഥാൻ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലായി ഇന്ത്യയെയും ന്യൂസിലൻഡിനെയും തകർത്തെറിഞ്ഞതോടെയാണിത്.
പാക്കിസ്ഥാനെതിരായ മത്സരശേഷം ന്യൂസിലൻഡ് ക്യാപ്റ്റൻ, പാക്കിസ്ഥാൻ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണെന്നാണു വിലയിരുത്തിയതെന്നതും ശ്രദ്ധേയം.
ഇന്നു ഗ്രൂപ്പിലെ മൂന്നാം മത്സരത്തിന് പാക്കിസ്ഥാൻ ഇറങ്ങുന്നു. അഫ്ഗാനിസ്ഥാനാണ് എതിരാളി. ഇന്നത്തെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസും ബംഗ്ലാദേശും തമ്മിലാണ്, ഉച്ചകഴിഞ്ഞ് 3.30ന്.
പാക്കിസ്ഥാന്റെ ഹോം
യുഎഇയിൽ രണ്ട് ഐപിഎൽ നടന്നതിനാൽ ഇന്ത്യൻ താരങ്ങൾക്ക് ഇവിടുത്തെ സ്ഥിതിഗതികൾ പരിചിതമാണെന്ന വിലയിരുത്തലുണ്ടായിരുന്നു.
എന്നാൽ, ഐപിഎല്ലിനും വർഷങ്ങൾക്കു മുന്പ് പാക്കിസ്ഥാൻ ടീമിന്റെ ഹോം ഗ്രൗണ്ടായ രാജ്യമാണു യുഎഇ. 2009ൽ ശ്രീലങ്കൻ ടീമിനെതിരായ ലാഹോർ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്കു ടീമുകൾ എത്താതിരുന്നതോടെയാണിത്.
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായിരുന്നു പാക്കിസ്ഥാന്റെ ഇക്കാലമത്രയുമുള്ള ഹോം മത്സരങ്ങൾ. അതുകൊണ്ടുതന്നെ ഈ ട്വന്റി-20 ലോകകപ്പ് പാക്കിസ്ഥാന്റെ ഹോം ടൂർണമെന്റാണെന്നു വിലയിരുത്തിയാൽ തെറ്റില്ല. കഴിഞ്ഞ 5 വർഷത്തിനിടെ തുടർച്ചയായി 13 മത്സരങ്ങൾ പാക്കിസ്ഥാൻ യുഎഇയിൽ ജയിച്ചിട്ടുണ്ട്.
പ്രശ്നങ്ങളിൽ കരുത്ത്
പ്രശ്നങ്ങളിൽ കരുത്താർജിക്കുന്ന ചരിത്രമാണു പാക്കിസ്ഥാനുള്ളത്. 1992ൽ ഏകദിന ലോകകപ്പ് നേടിയപ്പോൾ പരിക്കേറ്റ വഖാർ യൂനിസ് ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.
2009ൽ ട്വന്റി-20 ലോകകപ്പ് നേടിയപ്പോൾ ലാഹോർ ഭീകരാക്രമണത്തിന്റെ കരിനിഴലിലായിരുന്നു പാക്കിസ്ഥാൻ. ഷൊയ്ബ് അക്തറിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും പ്രശ്നം സൃഷ്ടിച്ചിരുന്നു.
ഇത്തവണയും പാക്കിസ്ഥാൻ ടീം പ്രശ്നങ്ങളുടെ നടുവിലാണ്. മിസ്ബ ഉൾ ഹഖ്, വഖാർ യൂനിസ് എന്നിവർ പരിശീലകസ്ഥാനത്തുനിന്നു രാജിവച്ചു. സുരക്ഷാ ഭീഷണിയുന്നയിച്ച് ന്യൂസിലൻഡ് പാക് പര്യടനം റദ്ദാക്കി മടങ്ങി. പിന്നാലെ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി.