ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരന്പര ഇന്ത്യ തൂത്തുവാരി. ചെന്നൈയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിഖർ ധവാൻ (62 പന്തിൽ 92), റിഷഭ് പന്ത് (58) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കു വിജയമൊരുക്കിയത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ നേരത്തെതന്നെ പരന്പര സ്വന്തമാക്കിയിരുന്നു.
സ്കോർ: വെസ്റ്റ് ഇൻഡീസ്- 181/3, ഇന്ത്യ- 182/4.
ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് നേടി. നിക്കോളാസ് പുരാന്റെ അർധസെഞ്ചുറിയാണ് വിൻഡീസിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിന് ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്മയറും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. 6.1 ഓവറിൽ 51 റണ്‍സ് അടിച്ച കൂട്ടുകെട്ട്, തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ പൊളിച്ച് യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ഷായ് ഹോപ്പാ(24) ണു പുറത്തായത്. തൊട്ടുപിന്നാലെ ഹെറ്റ്മയറെ(26) യും ചാഹൽ മടക്കി.
ദിനേശ് രാംദിൻ (15) പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറിന് ഇരയായി മടങ്ങിയെങ്കിലും ഡ്വെയ്ൻ ബ്രാവോ-പുരാൻ കൂട്ടുകെട്ട് ഒത്തുചേർന്നതോടെ ബൗളിംഗിൽ ഇന്ത്യയുടെ പിടി അയഞ്ഞു. ബ്രാവോ ഒരറ്റത്തു പിടിച്ചുനിന്നപ്പോൾ പുരാൻ തകർത്തടിച്ചു. 25 പന്ത് നേരിട്ട പുരാൻ 53 റണ്‍സ് നേടി പുറത്താകാതെനിന്നു. നാലുവീതം ബൗണ്ടറികളും സിക്സറും താരം പറത്തി. ബ്രാവോ 43 റണ്‍സ് നേടി പുരാനു മികച്ച പിന്തുണ നൽകി.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് സ്കോർ 13-ൽ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിവീരൻ രോഹിത് ശർമ (4) യെ നഷ്ടപ്പെട്ടു. കെ.എൽ.രാഹുലും(17) വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ തകരുന്നതായി തോന്നിപ്പിച്ചു. എന്നാൽ അവിടെ ഒത്തുചേർന്ന ശിഖർ ധവാൻ-റിഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
മെല്ലെ തുടങ്ങിയ ഇരുവരും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡ് കുതിച്ചു. ഒടുവിൽ വിജയലക്ഷ്യത്തിന് ഏഴു റണ്‍സ് അകലെ പന്തും ഒരു റണ്‍സ് അകലെ ധവാനും പുറത്തായി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റണ്‍സ് അടിച്ചുകൂട്ടി. മനീഷ് പാണ്ഡെ (4), ദിനേശ് കാർത്തിക്(0) എന്നിവർ ചേർന്ന് അവസാന പന്തിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു.