മുംബൈ: കാര്യവട്ടത്തെ തോൽവിക്ക് ഇന്ത്യ മുംബൈയിൽ പകരം വീട്ടി. മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ അടിച്ചോടിച്ച് ഇന്ത്യ 67 റണ്‍സിന്റെ ജയം സ്വന്തമാക്കി. രോഹിത് ശർമ (71), കെ.എൽ. രാഹുൽ (91), വിരാട് കോഹ്ലി (70*) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ മൂന്നിന് 240 റണ്‍സ് നേടി. വിൻഡീസിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 173ൽ അവസാനിച്ചു. ഇതോടെ മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കി. വാങ്കഡെയിലെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറാണ് ഇന്ത്യയുടെ 240.
ആദ്യം രോഹിത്
കഴിഞ്ഞ മത്സരങ്ങളിൽനിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷാമിയും യുസ്വേന്ദ്ര ചാഹലിനു പകരം കുൽദീപ് യാദവും പ്ലേയിംഗ് ഇലവണിൽ ഇടംപിടിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. ഷെൽഡോണ്‍ കോട്രെൽ എറിഞ്ഞ ആദ്യ ഓവറിൽ രോഹിത് ശർമയുടെ ഫോർ അടക്കം അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഓവറിൽ കെ.എൽ. രാഹുൽ, ജേസണ്‍ ഹോൾഡറെ തുടർച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തി.
മൂന്നാം ഓവറിൽ ക്രോട്രെലിനെ 15 റണ്‍സിനു ശിക്ഷിച്ച് രോഹിത് ഗിയർ മാറി. അടുത്ത ഓവറിൽ രാഹുൽ ഹോൾഡറിനെതിരേ അടിച്ചെടുത്തത് 14 റണ്‍സ്. അഞ്ചാം ഓവറിനായി ഖാറി പിയെറെയെ കൊണ്ടുവന്നെങ്കിലും രോഹിത് ആ ഓവറിൽ നേടിയത് ഒരു സിക്സും ഒരു ഫോറും അടക്കം 14 റണ്‍സ്. അതോടെ ഇന്ത്യൻ സ്കോർ 58ൽ എത്തി. അടുത്തത് രാഹുലിന്റെ ഉൗഴമായിരുന്നു.
കെസ്റിക് വില്യംസ് എറിഞ്ഞ ആറാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം രാഹുലിന്റെ ബാറ്റിൽനിന്ന് പിറന്നത് 14 റണ്‍സ്. 12-ാം ഓവറിന്റെ നാലാം പന്തിൽ രോഹിത്തിനെ വില്യംസ് പുറത്താക്കി. 34 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 71 റണ്‍സ് ആയിരുന്നു രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ രോഹിത് – രാഹുൽ കൂട്ടുകെട്ട് 135 റണ്‍സ് നേടി. രണ്ടാമനായെത്തിയ ഋഷഭ് പന്ത് (പൂജ്യം) വന്നതുപോലെ മടങ്ങി.
രാഹുൽ, കോഹ്ലി
രോഹിത് പുറത്തായെങ്കിലും കോഹ്ലിക്കൊപ്പം ചേർന്ന് രാഹുൽ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്ലിയും താളംകണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ വീണ്ടും കുതിച്ചു. 15-ാം ഓവറിൽ രാഹുലും കോഹ്ലിയും ചേർന്ന് ഹോൾഡറിനെതിരേ നേടിയത് രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റണ്‍സ്. 18-ാം ഓവർ എറിയാനെത്തിയ വില്യംസിനും ലഭിച്ചു 17 റണ്‍സിന്റെ ശിക്ഷ. 19-ാം ഓവറിലാണ് കോഹ്ലി ഉഗ്രരൂപം പൂണ്ടത്.
വിൻഡീസ് ക്യാപ്റ്റൻ കിറോണ്‍ പൊള്ളാർഡിന്റെ ആദ്യ രണ്ട് പന്തും സിക്സർ. മൂന്നാം പന്തിൽ രണ്ട് റണ്‍സ്. നോബോൾ ആയതിനെത്തുടർന്ന് മൂന്നാം പന്ത് ഫ്രീഹിറ്റ് ആയി. ആ പന്ത് വെടിയുണ്ടകണക്ക് ബൗണ്ടറി ലൈൻ ഭേദിച്ചു. അവസാന പന്തിൽ വീണ്ടും സിക്സ്. 44ൽ നിന്ന് സിക്സർ അടിച്ച് കോഹ്ലി അർധസെഞ്ചുറി തികച്ചതും ഈ ഓവറിലായിരുന്നു. കോഹ്ലിയുടെ വേഗമേറിയ ട്വന്റി-20 അർധസെഞ്ചുറിയാണ് ഇന്നലെ 21 പന്തിൽ പിറന്ന 50 റണ്‍സ്.
56 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും ഉൾപ്പെടെ 91 റണ്‍സുമായി രാഹുൽ 19.4-ാം പന്തിൽ പുറത്തായി. എന്നാൽ, 29 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 241.37 സ്ട്രൈക്ക് റേറ്റോടെ 70 റണ്‍സ് നേടിയ കോഹ്ലി പുറത്താകാതെനിന്നു. മൂന്നാം വിക്കറ്റിൽ കോഹ്ലി-രാഹുൽ കൂട്ടുകെട്ട് 95 റണ്‍സ് നേടി.
പൊള്ളാർഡ് മാത്രം
241 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിനായി ക്യാപ്റ്റൻ പൊള്ളാർഡ് മാത്രമാണ് തിളങ്ങിയത്. അഞ്ചാമനായെത്തിയ പോള്ളാർഡ് 39 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും അടക്കം 68 റണ്‍സ് അടിച്ചെടുത്തു. ഹെറ്റ്മയർ 24 പന്തിൽ അഞ്ച് സിക്സും ഒരു ഫോറും ഉൾപ്പെടെ 41 റണ്‍സ് നേടി.
കോഹ്ലി, രോഹിത് 2633
രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തുല്യനിലയിൽ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20യിൽ ഇരുവരും മത്സരിച്ച് റണ്‍സ് നേടുന്നതാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. രോഹിത് 34 പന്തിൽ 71ഉം കോഹ്ലി 29 പന്തിൽ 70 നോട്ടൗട്ടുമാണ് ഇന്നലെ സ്കോർ ചെയ്തത്. അതോടെ ഇരുവരുടെയും ട്വന്റി-20 രാജ്യാന്തര കരിയർ റണ്‍സ് 2633ൽ.
രോഹിത് 96 ഇന്നിംഗ്സിൽനിന്ന് നാല് സെഞ്ചുറിയും 19 അർധസെഞ്ചുറിയും ഉൾപ്പെടെയാണ് 2633 റണ്‍സ് നേടിയത്, കോഹ്ലി 70 ഇന്നിംഗ്സിൽനിന്ന് 24 അർധസെഞ്ചുറിയുടെ സഹായത്തോടെയും.