ലക്നോ: ട്വന്റി 20 ക്രിക്കറ്റിൽ അപൂർവനേട്ടവുമായി രോഹിത് ശർമ. കുട്ടിക്രിക്കറ്റിൽ നാലു സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മൂന്നു സെഞ്ചുറികൾ നേടിയ ന്യൂസിലൻഡ് താരം കോളിൻ മണ്‍റോയുമായി രോഹിത് ഇതുവരെ റിക്കാർഡ് പങ്കിടുകയായിരുന്നു.
വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിലെ 58-ാം പന്തിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. സെഞ്ചുറിയിലേക്കെത്താൻ എട്ടു ബൗണ്ടറികളും ആറു സിക്സറുകളും രോഹിത് പറത്തി. ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി രോഹിത് പങ്കിടുകയാണ്. 35 പന്തിലാണ് ഇരുവരുടെയും സെഞ്ചുറി.
കൂടാതെ, വ്യക്തിഗത സ്കോർ 11-ൽ നിൽക്കെ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കി. 62 രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽനിന്ന് 48.88 റണ്‍സ് ശരാശരിയിൽ 2102 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ റിക്കാർഡാണ് രോഹിത് മറികടന്നത്. 2203 റണ്‍സ് നേടിയ രോഹിതിനു മുന്നിൽ 2271 റണ്‍സുമായി ന്യൂസിലൻഡ് കളിക്കാരൻ മാർട്ടിൻ ഗുപ്റ്റിൽ മാത്രമാണുള്ളത്.