ദുബായ്: ഈ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന പാക്കിസ്ഥാനും മികവിലെത്തിക്കൊണ്ടിരിക്കുന്ന ഓസ്ട്രേലിയയും ഇന്ന് രണ്ടാം സെമി ഫൈനലിൽ നേർക്കുനേർ. മുൻ സഹതാരങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള പോരാട്ടം കൂടിയാകുമിത്.
ഓസ്ട്രേലിയയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറും പാക്കിസ്ഥാന്റെ ബാറ്റിംഗ് പരിശീലകൻ മാത്യു ഹെയ്ഡനും ഇരു ടീമുകൾക്കൊപ്പം മുഖാമുഖം വരുകയാണ്. ഇരുവരും ഓസ്ട്രേലിയയുടെ ടെസ്റ്റിലെ വിഖ്യാത ഓപ്പണിംഗ് സഖ്യമായിരുന്നു.
ലോകകപ്പിനു തൊട്ടു മുന്പാണ് ഹെയ്ഡൻ പാക് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സ്ഥാനമേറ്റത്. ഹെയ്ഡന്റെ വരവോടെ പാക്കിസ്ഥാന്റെ ബാറ്റിംഗ് കൂടുതൽ മെച്ചപ്പെട്ടു. ലാംഗറിനാണെങ്കിൽ തന്റെ കയ്യിൽ ടീം ഭദ്രമാണെന്നു തെളിയിക്കേണ്ടതുണ്ട്.
ഇതുവരെയില്ലാത്ത ഒരു പരീക്ഷണമാണ് ഓസീസിനു മുന്നിലുള്ളത്. ഗ്രൂപ്പിലെ എല്ലാം മത്സരവും ജയിച്ച് തകർപ്പൻ ഫോമിലുള്ള പാക്കിസ്ഥാനെയാണു നേരിടേണ്ടത്.
ക്രിക്കറ്റിലെ പ്രവചനാതീതമായ ടീമെന്ന പേരുള്ള പാക്കിസ്ഥാന് ഈ ദുഷ്പേര് മാറ്റുകയെന്ന ലക്ഷ്യവുമുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അറിയാവുന്ന ഹെയ്ഡൻ നല്കുന്ന ഉപദേശങ്ങൾ പാക്കിസ്ഥാനു നിർണായകമാകും.
ഡേവിഡ് വാർണർ ഫോമിലെത്തിയത് ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറിയുമായി മിച്ചൽ മാർഷും ഫോമിലെത്തി.
ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് ത്രയം ഫോമിലാണ്. സ്പിന്നർ ആദം സാംപ മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്.
പാക്കിസ്ഥാന് മുഹമ്മദ് റിസ്വാനും നായകൻ ബാബർ അസമും ഇതുവരെ മികച്ച അടിത്തറയാണിട്ടത്. മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ആസിഫ് അലി എന്നിവരുടെ സംഭാവനയും നിർണായകം.
ബൗളിംഗിൽ ഷഹീൻ ഷാ അഫ്രീദി തുടക്കത്തിലേ വിക്കറ്റെടുത്ത് എതിരാളികളെ സമ്മർദത്തിലാക്കുകയാണ്. ഒപ്പം ഹാരീസ് റൗഫിന്റെ വേഗമേറിയ പന്തുകളും.
ചരിത്രം പാക്കിസ്ഥാന് എതിരാണ്. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെ പാക്കിസ്ഥാന് ഓസ്ട്രേലിയയെ തോൽപ്പിക്കാനായിട്ടില്ല.