കൊളംബോ: ശ്രീലങ്കൻ ട്വന്റി-20 ക്യാപ്റ്റൻ ദിനേഷ് ചൻഡിമലിന് കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ രണ്ട് മത്സരത്തിൽനിന്ന് വിലക്ക്. നിദാഹാസ് ട്രോഫി ട്വന്റി-20യിൽ ഇന്ന് ഇന്ത്യക്കെതിരേ നടക്കുന്ന നിർണായക മത്സരത്തിൽ ചൻഡിമലിനു കളിക്കാൻ സാധിക്കില്ല. ബംഗ്ലാദേശിനെതിരേയ മത്സരത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംഭവിച്ചത്.
നിശ്ചയിച്ച സമയത്തിൽ നാല് ഓവർ കുറഞ്ഞാണ് ശ്രീലങ്ക പന്തെറിഞ്ഞിരുന്നത്. 16-ാം തീയതി ബംഗ്ലാദേശിനെതിരേ നടക്കുന്ന അടുത്ത മത്സരത്തിലും ചൻഡിമലിനു പുറത്തിരിക്കേണ്ടിവരും. കുറഞ്ഞ ഓവർ റേറ്റിന് കളിക്കാർക്ക് ആദ്യ രണ്ട് ഓവറിന് മത്സരപ്രതിഫലത്തിന്റെ പത്ത് ശതമാനം പിഴയും തുടർന്നുള്ള ഓരോ ഓവറിനും 20 ശതമാനം വീതവുമാണ് പിഴ.
ടീം ക്യാപ്റ്റന് രണ്ട് സസ്പെൻഷൻ പോയിന്റും ലഭിക്കും. രണ്ട് സസ്പെൻഷൻ പോയിന്റ് ലഭിച്ചാൽ ഒരു ടെസ്റ്റ് അല്ലെങ്കിൽ രണ്ട് ഏകദിനം അതുമല്ലെങ്കിൽ രണ്ട് ട്വന്റി-20യോ പുറത്തിരിക്കേണ്ടിവരും. ഇപ്പോൾ ട്വന്റി-20 നടക്കുന്നതിനാലാണ് അടുത്ത മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നത്.