അന്പയറിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങൾ അരങ്ങേറിയ മത്സരമായിരുന്നു രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നടന്ന പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടം.
രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 15-ാം ഓവറിന്റെ മൂന്നാം പന്തിൽ ദിനേശ് കാർത്തികിന് എതിരേ ശക്തമായ എൽബിഡബ്ല്യു അപ്പീൽ.
അന്പയർ കെ.എൻ. അനന്തപത്മനാഭൻ ഔട്ട് വിധിച്ചു. എന്നാൽ, നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന മഹിപാൽ ലോമറുമായി ചർച്ച നടത്തിയശേഷം കാർത്തിക് ഡിആർഎസ് ആവശ്യപ്പെട്ടു. ഡിആർഎസിൽ പന്ത് ബാറ്റിൽ ഉരസിയില്ലെന്നും പാഡിലാണ് കൊണ്ടതെന്നും വ്യക്തമായി.
എന്നാൽ, ബാറ്റ് പാഡിൽ കൊള്ളുന്നുണ്ടുതാനും. അതോടെ ടിവി അന്പയറായ അനിൽ ചൗധരി നോട്ടൗട്ട് വിധിച്ചു. ഇതിൽ ക്ഷുഭിതനായ രാജസ്ഥാൻ റോയൽസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര നാലാം അന്പയറിനോട് കയർത്തു.
തൊട്ടു മുന്നിലെ പന്തിൽ രജത് പാട്ടിദാറിനെ ആവേശ് മടക്കിയിരുന്നു. കാർത്തികും ഔട്ടായിരുന്നെങ്കിൽ ബംഗളൂരുവിന്റെ സ്കോർ 14.3 ഓവരിൽ 122/6 എന്നതാകുമായിരുന്നു. രാജസ്ഥാന്റെ ഇന്നിംഗ്സിലാണ് അന്പയറിംഗിലെ മറ്റൊരു സംഭവം. രാജസ്ഥാന്റെ ധ്രുവ് ജുറെല്ലിനെ കാമറോണ്‍ ഗ്രീൻ റണ്ണൗട്ടാക്കുന്പോൾ പന്ത് വലത് കൈയിൽ ഉണ്ടായിരുന്നു എന്നേയുള്ളൂ.
ഇടത് കൈത്തണ്ടകൊണ്ടായിരുന്നു ഗ്രീൻ വിക്കറ്റ് ഇളക്കിയത്. ക്രിക്കറ്റ് നിയമപ്രകാരം വിക്കറ്റ് തെറിപ്പിക്കുന്പോൾ പന്ത് കൈവശം പൂർണ നിയന്ത്രണത്തിൽ ഉണ്ടായിരിക്കണം എന്നുമാത്രമാണ്, അന്പയർ ഔട്ട് വിധിച്ചു.