പ്രൊവിഡൻസ്: വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്കു വിജയത്തുടക്കം. കരുത്തരായ ന്യൂസിലൻഡിനെ 34 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 195 റണ്‍സ് ലക്ഷ്യം പിന്തുടർന്ന കിവീസിന് നിശ്ചിത ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സിലൊതുങ്ങി. സൂസി ബേറ്റ്സ് (67), കെയ്റ്റി മാർട്ടിൻ (39) എന്നിവർക്കു മാത്രമാണ് കിവീസ് നിരയിൽ പൊരുതാനെങ്കിലും കഴിഞ്ഞത്. ഇന്ത്യക്കായി ഡി. ഹേമലത (26/3), പൂനം യാദവ് (33/3) എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറി (103) ന്റെ ഉജ്ജ്വല സെഞ്ചുറിയുടെ മികവിൽ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സ് അടിച്ചുകൂട്ടി. അർധസെഞ്ചുറി നേടിയ ജെമിമ റോഡ്രിഗസ് (59) ക്യാപ്റ്റനു മികച്ച പിന്തുണ നൽകി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ 40-ൽ എത്തുന്പോഴേയ്ക്കും മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. ടാനിയ ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ഹേമലത (15) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സംഭാവന. ഇതിനുശേഷം ഒത്തുചേർന്ന ഹർമൻപ്രീത്- റോഡ്രിഗസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. തുടക്കത്തിൽ ശ്രദ്ധയോടെ കിവീസ് ബൗളിംഗിനെ നേരിട്ട ഇരുവരും നിലയുറപ്പിച്ചതോടെ തകർത്തടിച്ചു.
അർധസെഞ്ചുറി തികയ്ക്കാൻ 33 പന്തുകൾ വേണ്ടിവന്ന ഹർമൻപ്രീതിന്, ശതകത്തിലേക്കെത്താൻ വെറും 16 പന്തുകൾ കൂടി മാത്രമാണ് ആവശ്യമായി വന്നത്. 51 പന്ത് നീണ്ട ഇന്നിംഗ്സിൽ എട്ടു സിക്സറും ഏഴു ബൗണ്ടറിയും ഹർമൻപ്രീത് പായിച്ചു. റോഡ്രിഗസ് 45 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 59 റണ്‍സ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 134 റണ്‍സ് ഇന്ത്യൻ ഇന്നിംഗ്സിൽ ചേർത്തു.