ലക്നോ: വെസ്റ്റ് ഇൻഡീസിനെതിരേ ജയം തുടരുന്ന ടീം ഇന്ത്യ ട്വന്റി-20 പരന്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. കോൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം നേടിയ ഇന്ത്യ ഇന്നും ജയിച്ച് പരന്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. മൂന്ന് മത്സര പരന്പരയിൽ 1-0ന് മുന്നിലാണെന്നത് ഇന്ത്യക്ക് ആശ്വാസം പകരുന്പോഴും കോൽക്കത്തയിൽ മുൻനിര ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടത് ആശങ്കയ്ക്ക് കാരണമാകുന്നു.
ട്വന്റി-20യിൽ വിൻഡീസിനെതിരേ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ നാണക്കേട് ഒഴിവാക്കുന്നതായിരുന്നു കോൽക്കത്തയിലെ ഇന്ത്യൻ ജയം. എന്നാൽ, 2011-18 കാലത്തിൽ എട്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ അഞ്ച് ജയം വിൻഡീസിനു സ്വന്തമാണ്.
ബൗളർമാരുടെ പ്രകടനമാണ് ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് കരുത്തായത്. വിൻഡീസ് യുവ പേസറായ ഒഷനെ തോമസും കാർലോസ് ബ്രാത്വൈറ്റും മിന്നും ബൗളിംഗ് ആണ് ആദ്യ മത്സരത്തിൽ കാഴ്ചവച്ചതെന്നത് ഇന്ത്യയുടെ കണ്ണുതുറപ്പിച്ചേക്കും.