ഹാമിൽട്ടണ്: സൂപ്പർ ഓവർ ത്രില്ലറിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ട്വന്റി-20 പരമ്പര നേടി. സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തും സിക്സർ പറത്തിയ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 18 റണ്‍സ്. അവസാന രണ്ടു ബോളിൽ വിജയലക്ഷ്യം 10 റണ്‍സ്. ക്രീസിലുണ്ടായിരുന്ന രോഹിത് ശർമ കിവീസ് പേസർ ടിം സൗത്തിയെ രണ്ടു തവണ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച് ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിക്കുകയായിരുന്നു. രോഹിത്താണ് മാൻ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 179 റണ്‍സ് നേടി. ജയമുറപ്പിച്ച് മുന്നേറിയ കിവീസിനെ അവസാന ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി ഷമിയാണ് ടൈയിൽ പിടിച്ചുകെട്ടിയത്. അവസാന പന്തിൽ റോസ് ടെയ് ലറെ ക്ലീൻ ബൗൾഡ് ചെയ്താണ് ഷമി ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത്.
65 റണ്‍സ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. വിരാട് കോഹ്ലി 38 റണ്‍സ് നേടി. 95 റണ്‍സ് നേടിയ കെയ്ൻ വില്യംസണിന്റെ തകർപ്പൻ ഇന്നിംഗ്സാണ് കിവീസിന് തുണയായത്. അവസാന ഓവറിലെ മൂന്നാം പന്തിൽ വില്യംസണെ ഷമി വീഴ്ത്തിയതും ഇന്ത്യയ്ക്ക് തുണയായി.