കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കു വിജയം. ബംഗ്ലാദേശ് ഉയർത്തിയ 140 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. സ്കോർ: ബംഗ്ലാദേശ്- 139/8 (20), ഇന്ത്യ-140/4(18.4).
ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തുടക്കം മുതൽ തുടർച്ചയായ ഇടവേളകളിൽ ബംഗ്ലാദേശിനു വിക്കറ്റുകൾ നഷ്ടപ്പെട്ടു.
മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ബാറ്റ്സ്മാൻമാർക്കു കഴിഞ്ഞില്ല. എന്നിരുന്നാലും ഇന്ത്യൻ ഫീൽഡർമാർ കൈവിട്ട നിരവധി ക്യാച്ചുകൾ ബംഗ്ലാദേശിനെ തുണച്ചു. 34 റണ്‍സ് നേടിയ ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് ടോപ് സ്കോറർ. ലിട്ടണ്‍ ദാസിനു പുറമേ തമിം ഇഖ്ബാൽ(15), സൗമ്യ സർക്കാർ(14), മുഷ്ഫിഖർ റഹിം(18), മഹമ്മദുള്ള(1), സാബിർ റഹ്മാൻ(30), മെഹ്ദി ഹസൻ(3), റൂബൽ ഹുസൈൻ(0) എന്നിവരാണ് പുറത്തായ ബംഗ്ലാ ബാറ്റ്സ്മാൻമാർ.
ഇന്ത്യയ്ക്കായി ജയദേവ് ഉനാദ്ഘട് മൂന്നും വിജയ് ശങ്കർ രണ്ടും ശർദുൾ താക്കുർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി. 15 റണ്‍സാണ് ഇന്ത്യൻ ബൗളർമാർ എക്സ്ട്രായായി വിട്ടുനൽകിയത്.
140 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കു തുടക്കത്തിൽത്തന്നെ നായകൻ രോഹിത് ശർമ(17)യെ നഷ്ടപ്പെട്ടു. സ്ഥാനക്കയറ്റം ലഭിച്ച റിഷഭ് പന്ത് അഞ്ചു റണ്‍സുമായി മടങ്ങി. ഇതിനുശേഷം ഒത്തുചേർന്ന ധവാൻ-സുരേഷ് റെയ്ന കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്കു നയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റണ്‍സ് കൂട്ടിച്ചേർത്തു. സ്കോർ 108ൽ റെയ്ന(28) മടങ്ങി.
അർധസെഞ്ചുറി തികച്ചതിനു പിന്നാലെ ധവാനും(44 പന്തിൽ 55) പുറത്തായി. തുടർന്ന് കൂടുതൽ നഷ്ടം കൂടാതെ മനീഷ് പാണ്ഡെ(27) ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
പരന്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 90 റണ്‍സ് നേടിയ ധവാന്റെ പ്രകടനമാണ് ലങ്കയ്ക്കെതിരേ ഇന്ത്യയുടെ എടുത്തുപറയാനുണ്ടായിരുന്ന പ്രകടനം.