കോൽക്കത്ത: തകർന്നുപോകുമോയെന്നു പേടിച്ച ഇന്ത്യയെ കാർത്തിക് കൈപിടിച്ചുയർത്തി. ദിനേഷ് കാർത്തിക്കിന്റെ (31) അപരാജിതപോരാട്ടത്തിന്റെ കരുത്തിൽ ഇന്ത്യ ട്വന്റി-20 യിലും ജയിച്ചുതുടങ്ങി. ഇന്ത്യയുടെ നീലക്കുട്ടികൾ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
34 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക്കും ഒമ്പതു പന്തിൽ 21 റൺസ് അടിച്ചുകൂട്ടിയ കൃണാൽ പാണ്ഡ്യയുമാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ. വെസ്റ്റ് ഇൻഡീസിന്റെ വഴിയേ ട്രാക്ക് തെറ്റിത്തുടങ്ങിയ ഇന്ത്യ ആദ്യം പതറിയെങ്കിലും കാർത്തിക് ക്രീസിലെത്തിയതോടെ ട്രാക്കിലായി.
ക്യാപ്റ്റൻ രോഹിത് ശർമയും (6) ശിഖർ ധവാനും (3) ഋഷഭ് പന്തും (1) വിൻഡീസ് പേസിന്റെ മുന്നിൽ ബാറ്റുവച്ച് അടിയറവുപറഞ്ഞതോടെ ഇന്ത്യ ഞെട്ടി. കെ.എൽ രാഹുലാകട്ടെ (16) അനാവിശ്യ ഷോട്ട് കളിച്ച് പുറത്തായി ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലേക്ക് പറഞ്ഞുവിട്ടു. രാഹുൽ പുറത്താകുമ്പോൾ ഇന്ത്യ നാലിന് 45 എന്ന നിലയിലായിരുന്നു. വെസ്റ്റ് ഇൻഡീസ് വിജയം മണത്ത സമയം. എന്നാൽ കാർത്തിക് എത്തിയതോടെ കളിമാറി.
മനീഷ് പാണ്ഡെയും (19) കൃണാൽ പാണ്ഡ്യയേയും കൂട്ടുപിടിച്ച് കാർത്തിക് ഇന്ത്യയെ വിജയ വഴിയിലേക്ക് നയിച്ചു. കാർത്തിക്-മനീഷ് പാണ്ഡെ സഖ്യം 38 റൺസും കാർത്തിക്-കൃണാൽ സഖ്യം 27 റൺസുമാണ് കണ്ടെത്തിയത്. പുതുമുഖം ഒഷാനെ തോമസാണ് ധവാനെയും രോഹിതിനെയും തുടക്കത്തിലെ പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ബ്രാത്വെയ്റ്റു രണ്ടു വിക്കറ്റും ഖാരി പിയറി ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 109 റൺസിൽ ഒതുങ്ങി. ഇന്ത്യക്കെതിരായ വിൻഡീസിന്റെ ഏറ്റും കുറഞ്ഞ ട്വന്റി-20 സ്കോറാണിത്. ഫാബിയൻ അലനും (25) കീമോ പോളും (പുറത്താകാതെ 15) വാലറ്റത്ത് നടത്തിയ രക്ഷാപ്രവർത്തനമാണ് വിൻഡീസിനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്.
ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 24 റൺസെടുത്തു. ഖാരി പിയറുമൊത്ത് (പുറത്താകാതെ 9) ഒമ്പതാം വിക്കറ്റിൽ കീമോ പോൾ 22 റൺസും കൂട്ടിച്ചേർത്തു. സ്റ്റാർബാറ്റ്സ്മാൻമാരായ ഡാരൻ ബ്രാവോ (5), കീറണ് പൊള്ളാർഡ് (14) എന്നിവർക്കൊന്നും കാര്യമായ സംഭവാന നൽകാൻ കഴിയാതെപോയതാണ് വെസ്റ്റ് ഇൻഡീസിനെ ചെറുസ്കോറിൽ ഒതുക്കിയത്.
കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്, ജസ്പ്രീത് ബുംമ്ര, ഖലീൽ അഹമ്മദ്, കൃണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി.