ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഗിയർ മാറി അടുത്ത ഘട്ടത്തിലേക്ക്. ഇന്നലെയോടെ നെക്സ്റ്റ് ലെവൽ പോരാട്ടത്തിനുള്ള സൂപ്പർ 12 ടീമുകളുടെ ചിത്രം പൂർത്തിയായി. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പിലായി മത്സരിച്ച ആദ്യ റൗണ്ട് കടന്ന് നാലു ടീമുകൾ സൂപ്പർ 12ലെ മറ്റു ടീമുകൾക്കൊപ്പം ചേർന്നു.
ഇന്നു മുതൽ സൂപ്പർ 12 പോരാട്ടങ്ങളുടെ വെടിക്കെട്ട് യുഎഇയിൽ അരങ്ങേറും. സൂപ്പർ 12 പോരാട്ടങ്ങൾക്കു തുടക്കമിട്ട് ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അബുദാബിയിൽ കൊന്പുകോർക്കും. രാത്രി 7.30ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടും, ദുബായിലാണു മത്സരം.
ഇന്ത്യ x പാക്കിസ്ഥാൻ നാളെ
ലോകത്തിൽവച്ചേറ്റവും വാശിയേറിയ ക്രിക്കറ്റ് പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാൻ കൊന്പുകോർക്കൽ നാളെയാണ്. ദുബായ് രാജ്യാന്തര സ്റ്റോഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഇന്ത്യ x പാക്കിസ്ഥാൻ ക്രിക്കറ്റ് യുദ്ധം. വിരാട് കോഹ്ലിയുടെ കീഴിലിറങ്ങുന്ന ഇന്ത്യക്ക് ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണു കരുതപ്പെടുന്നത്.
സൂപ്പർ 12
ആറു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പായാണു സൂപ്പർ 12 പോരാട്ടങ്ങൾ അരങ്ങേറുന്നത്. ഗ്രൂപ്പിൽ ഓരോ തവണ വീതം എല്ലാ ടീമുകളും ഏറ്റുമുട്ടും. ഒരു ടീമിന് അഞ്ചു മത്സരങ്ങളാണുള്ളത്. പോയിന്റ് പട്ടികയിൽ ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്കു മുന്നേറും. നവംബർ 10, 11 തീയതികളിലാണു സെമി. ഫൈനൽ 14നും.
ആതിഥേയരായി ഇന്ത്യ, റാങ്കിംഗ് അനുസരിച്ച് അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവ സൂപ്പർ 12നു യോഗ്യത നേടിയിരുന്നു. ശേഷിച്ച നാലു സ്ഥാനങ്ങൾക്കായി നടന്ന ആദ്യ റൗണ്ട് പോരാട്ടങ്ങളിലൂടെ ബംഗ്ലാദേശ്, ശ്രീലങ്ക, സ്കോട്ട്ലൻഡ്, നമീബിയ എന്നിവയും സൂപ്പർ 12ൽ എത്തി.
ഓസ്ട്രേലിയ
ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഏഴാം സ്ഥാനക്കാരാണ് ആരോണ് ഫിഞ്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഓസ്ട്രേലിയ. ജെസ്റ്റിൻ ലാംഗറാണു പരിശീലകൻ. ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്ക
ഐസിസി റാങ്കിംഗിൽ അഞ്ചാം സ്ഥാനക്കാർ. തെംബ ബൗമയാണു ടീം ക്യാപ്റ്റൻ. രണ്ട് തവണ (2009, 2014) സെമിയിൽ പ്രവേശിച്ചതാണു മികച്ച പ്രകടനം.
വെസ്റ്റ് ഇൻഡീസ്
കിറോണ് പൊള്ളാർഡിന്റെ ക്യാപ്റ്റൻസി. ഐസിസി റാങ്കിംഗിൽ ഒന്പതാം സ്ഥാനത്താണിപ്പോൾ.ട്വന്റി-20 ലോകകപ്പ് രണ്ടു തവണ (2012, 2016) നേടിയ ഏക ടീമാണു വെസ്റ്റ് ഇൻഡീസ്.
പാക്കിസ്ഥാൻ
ഐസിസി റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാർ. ബാറ്റ്സ്മാന്മാരിൽ ലോക രണ്ടാം നന്പറായ ബാബർ അസം ആണു പാക് ക്യാപ്റ്റൻ. സഖ്ലൈൻ മുഷ്താഖ് ആണു ടീമിന്റെ മുഖ്യ പരിശീലകൻ. 2009 ചാന്പ്യന്മാരാണ്.
ന്യൂ ഗിനിയ
സൂപ്പർ 12ലേക്കുള്ള ആദ്യ റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പ് ബി താണ്ടാനായില്ല. ഗ്രൂപ്പ് ബിയിലെ മൂന്നു മത്സരത്തിലും പരാജയപ്പെട്ടു. ലോകകപ്പ് വേദിയിൽ എത്തിയത് ഇതാദ്യം.
അഫ്ഗാനിസ്ഥാൻ
റാഷിദ് ഖാനായിരുന്നു അഫ്ഗാനിസ്ഥാന്റെ ആദ്യ ക്യാപ്റ്റൻ. സെലക്ഷൻ കമ്മിറ്റിയുമായുള്ള അസ്വാരസ്യത്തെത്തുടർന്ന് റാഷിദിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു. പകരം മുഹമ്മദ് നബി തത്സ്ഥാനത്ത് എത്തി.
അയർലൻഡ്
സൂപ്പർ 12 യോഗ്യത നേടാനാകാതെ അയർലൻഡ് സംഘം നാട്ടിലേക്കു മടങ്ങി. സൂപ്പർ 12 യോഗ്യതയ്ക്കുള്ള ആദ്യ റൗണ്ടിൽ ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ഇന്നലെ നമീബിയയോട് എട്ട് വിക്കറ്റിനു പരാജയപ്പെട്ട് പുറത്തായി.
ഇംഗ്ലണ്ട്
ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ടീമിനെ നയിക്കുന്നത് ഓയിൻ മോർഗൻ. 2010ൽ വെസ്റ്റ് ഇൻഡീസിൽവച്ച് നടന്ന ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
ശ്രീലങ്ക
2014 ചാന്പ്യന്മാരായ ശ്രീലങ്കയ്ക്ക് സൂപ്പർ 12ലേക്കു നേരിട്ട് യോഗ്യത ലഭിച്ചില്ല. ആദ്യ റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പ് എയിൽ മൂന്ന് ജയത്തോടെ ചാന്പ്യന്മാരായി സൂപ്പർ 12ലേക്ക്. ഇന്നലെ ഹോളണ്ടിനെ എട്ട് വിക്കറ്റിനു കീഴടക്കി.
നമീബിയ
ചരിത്രത്തിൽ ആദ്യമായി നമീബിയ ലോകകപ്പ് ട്വന്റി-20യുടെ സൂപ്പർ 12 ഘട്ടത്തിൽ. ഇന്നലെ നടന്ന പോരാട്ടത്തിൽ അയർലൻഡിനെ അട്ടിമറിച്ചാണു നമീബിയയുടെ ചരിത്രപരമായ സൂപ്പർ 12 പ്രവേശനം.
ഹോളണ്ട്
ഇത് നാലാം തവണയായിരുന്നു ഹോളണ്ട് ലോകകപ്പ് പോരാട്ടത്തിനെത്തിയത്. സൂപ്പർ 12 യോഗ്യത നേടാനാകാതെ ടീം മടങ്ങി. 2014ൽ സൂപ്പർ 10ൽ പ്രവേശിച്ചതാണു മികച്ച പ്രകടനം.
ബംഗ്ലാദേശ്
ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായാണു ബംഗ്ലാദേശിന്റെ സൂപ്പർ 12 പ്രവേശനം. ഗ്രൂപ്പിൽ സ്കോട്ട്ലൻഡിനോടു പരാജയപ്പെട്ടെങ്കിലും തുടർന്നുള്ള രണ്ടു മത്സരം ജയിച്ച് സൂപ്പർ 12 യോഗ്യത നേടി.
ഒമാൻ
സൂപ്പർ 12 പോരാട്ടത്തിനുള്ള ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽനിന്നു മുന്നേറാനായില്ല. പാപ്പുവ ന്യൂ ഗിനിയയെ കീഴടക്കി ആദ്യ റൗണ്ട് പോരാട്ടത്തിനു തുടക്കമിട്ടെങ്കിലും പിന്നീട് രണ്ട് തോൽവിയോടെ പുറത്ത്.
ഇന്ത്യ
പരിശീലകൻ രവി ശാസ്ത്രിയുടെയും ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോഹ്ലിയുടെയും അവസാന ടൂർണമെന്റ്. ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനം. 2007ൽ കിരീടത്തിലേക്ക് നയിച്ച ധോണിയാണു ടീം ഉപദേശകൻ.
ന്യൂസിലൻഡ്
ഐസിസി റാങ്കിംഗിൽ നാലാം സ്ഥാനത്ത്. രണ്ടു തവണ സെമിയിൽ (2007, 2016) പ്രവേശിച്ചതാണ് ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
സ്കോട്ട്ലൻഡ്
സൂപ്പർ 12ലേക്കുള്ള ആദ്യ റൗണ്ട് പോരാട്ടത്തിൽ മൂന്നു മത്സരത്തിലും വിജയിച്ച് ഗ്രൂപ്പ് ബി ചാന്പ്യന്മാരായാണു സ്കോട്ട്ലൻഡിന്റെ വരവ്. ചരിത്രത്തിൽ ആദ്യമായാണു സ്കോട്ട്ലൻഡ് സൂപ്പർ പോരാട്ടത്തിൽ പ്രവേശിക്കുന്നത്.
സൂപ്പർ 12 ടീമുകൾ
ഗ്രൂപ്പ് 1
ഓസ്ട്രേലിയ
ബംഗ്ലാദേശ്
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്ക
ശ്രീലങ്ക
വെസ്റ്റ് ഇൻഡീസ്
ഗ്രൂപ്പ് 2
അഫ്ഗാനിസ്ഥാൻ
ഇന്ത്യ
ന്യൂസിലൻഡ്
നമീബിയ
പാക്കിസ്ഥാൻ
സ്കോട്ട്ലൻഡ്.