ദുബായ്: റിക്കാർഡുകൾ തിരുത്താനുള്ളതാണെന്ന് ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിനു മുന്‍പ് പാക് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞത് അക്ഷരംപ്രതി ശരിയായി. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ കീഴടക്കാനായില്ലെന്ന ചരിത്രം പാക്കിസ്ഥാൻ തിരുത്തി.
ബാബറിന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടത്തിൽ അവർ ഇന്ത്യയെ കീഴടക്കി, അതും 10 വിക്കറ്റിന്. 13 പന്ത് ബാക്കിനിൽക്കേയായിരുന്നു പാക്കിസ്ഥാന്റെ ചരിത്ര ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 151/7. പാക്കിസ്ഥാൻ 17.5 ഓവറിൽ 152/0.
മുഹമ്മദ് റിസ്വാനും (55 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 79 നോട്ടൗട്ട്) ബാബൻ അസമും (52 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 68 നോട്ടൗട്ട്) ചേർന്നാണ് പാക്കിസ്ഥാന് 10 വിക്കറ്റ് ജയമൊരുക്കിയത്. രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരെ തുടക്കത്തിലേയും ഒടുവിൽ വിരാട് കോഹ്ലിയെയും വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പാക്കിസ്ഥാന്റെ വിജയ ശിൽപ്പി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ നാലാം പന്തിൽ ഷോക്കേറ്റു. ഷഹീൻ അഫ്രീദിയുടെ ഉജ്വല യോർക്കറിൽ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായ രോഹിത് ശർമ (0) ഗോൾഡൻ ഡെക്ക്.
ഷഹീന്റെ വേഗമേറിയ ഫുള്ളറിനോടു പ്രതികരിക്കാൻ വൈകിയ രോഹിത്തിന്റെ ബാറ്റ് കടന്നു പാഞ്ഞ പന്ത് ബാക്ക് പാഡിൽ നേരിട്ടു പതിച്ചു. പാക്കിസ്ഥാന്റെ ശക്തമായ അപ്പീലിൽ അന്പയറിന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർന്നു. റിവ്യൂ ചെയ്യാൻ നിൽക്കാതെ രോഹിത് പവലിയനിലേക്ക് മടങ്ങി. ഇന്ത്യൻ ആരാധകരുടെ ഹൃദയം സ്തംഭിച്ചു.
മൂന്നാം ഓവർ എറിയാൻ ഷഹീൻ വീണ്ടും. ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുലിന്റെ (3) വിക്കറ്റ് തെറിച്ചു. 140 കിലോമീറ്ററിൽ അധികം വേഗത്തിലെത്തിയ ബോൾ പിച്ചിൽ കുത്തി അകത്തേക്കു കട്ട് ചെയ്തു കയറി.
അപ്രതീക്ഷിത ലെംഗ്തിനു മുന്നിൽ പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട രാഹുലിന്റെ ബാറ്റിലും പിന്നീട് പാഡിലും ഉരഞ്ഞശേഷം പന്ത് വിക്കറ്റ് ഇളക്കി. ഇന്ത്യ 2.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 6! അപ്പോൾ 1.1 ഓവറിൽ രണ്ട് റണ്‍സിനു രണ്ടു വിക്കറ്റ് എന്നതായിരുന്നു ഷഹീന്റെ ബൗളിംഗ്.
ക്യാപ്റ്റൻ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ആറാം ഓവറിൽ സൂര്യ പുറത്ത്. ഷഹീനെതിരായ സിക്സ് ഉൾപ്പെടെ എട്ട് പന്തിൽ 11 റണ്‍സ് നേടിയ സൂര്യ, ഹസൻ അലിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ മുഹമ്മദ് റിസ്വാന്റെ നെടുനീളൻ ഡൈവ് ക്യാച്ചിലൂടെയാണു പുറത്തായത്.
ഒറ്റക്കൈയൻ പന്ത്; 152.5 കിലോമീറ്റർ വേഗം
തുടർന്നെത്തിയ ഋഷഭ് പന്ത് കോഹ്ലിക്കൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 40 പന്തിൽ 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കരുതലോടെയാണു പന്ത് ബാറ്റിംഗ് ആരംഭിച്ചത്. നേരിട്ട 15-ാം പന്തിലായിരുന്നു പന്തിന്റെ ആദ്യ ബൗണ്ടറി. പാക്കിസ്ഥാന്റെ 11-ാം ഓവർ എറിയാനെത്തിയത് ഹാരിസ് റൗഫ്.
ഓവറിലെ അഞ്ചാം പന്ത് 152.5 കിലോമീറ്റർ വേഗത്തിലായിരുന്നു ഋഷഭിനു നേർക്ക് പാഞ്ഞടുത്തതെന്നതും ശ്രദ്ധേയം. പന്ത്-കോഹ്ലി കൂട്ടുകെട്ട് ആ ഓവറിൽ സിംഗിൾസ് മാത്രമാണ് എടുത്തത്.
തൊട്ടടുത്ത ഓവർ എറിയാനെത്തിയ ഹസൻ അലിയെ പന്ത് തുടർച്ചയായ രണ്ടു സിക്സറിനു ശിക്ഷിച്ചു. രണ്ട് സിക്സും ഒറ്റക്കൈകൊണ്ടായിരുന്നു. ഓവറിലെ രണ്ടാം പന്ത് സ്ക്വയർ ലെഗിനു മുകളിലൂടെ ഗാലറിയിൽ.
മൂന്നാം പന്ത് ഓവർ ദ വിക്കറ്റ് ആയി എറിഞ്ഞെങ്കിലും മറ്റൊരു വണ്‍ ഹാൻഡ് ഷോട്ടിലൂടെ മിഡ് ഓഫിലേക്കു സിക്സർ. അടുത്ത ഓവറിന്റെ രണ്ടാം പന്തിൽ ഷദാബ് ഖാൻ റിട്ടേണ്‍ ക്യാച്ചിലൂടെ അപകടകാരിയായ പന്തിനെ മടക്കി.
30 പന്തിൽ രണ്ടു സിക്സും രണ്ടു ഫോറും അടക്കം 39 റണ്‍സ് ആയിരുന്നു പന്തിന്റെ സന്പാദ്യം. കൂറ്റനടിക്കു ശ്രമിച്ച ഋഷഭിന്റെ ബാറ്റിൽനിന്ന് ആകാശത്തേക്കുയർന്ന പന്ത് ഷദാബ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
കോഹ്ലി ഫിഫ്റ്റി
വിക്കറ്റുകൾ കൊഴിയുന്പോഴും ഒരറ്റത്തു പിടിച്ചുനിന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി നേരിട്ട 45-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 15-ാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യൻ സ്കോർ 100ൽ തൊട്ടു.
രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് കോഹ്ലി അഞ്ചാം വിക്കറ്റിൽ 41 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽനിന്നായിരുന്നു ഈ 41 റണ്‍സ് കൂട്ടുകെട്ട്. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജഡേജ (13 പന്തിൽ 13) മടങ്ങി. ഹസൻ അലിക്കായിരുന്നു വിക്കറ്റ്.
19-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്ലിയുടെ ഇന്നിംഗ്സിനും തിരശീല വീണു. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. വിക്കറ്റിനു പിന്നിൽ റിസ്വാന്റെ മികച്ചൊരു ക്യാച്ചിലൂടെ കോഹ്ലി മടങ്ങി. ട്വന്റി-20 ലോകകപ്പിൽ കോഹ്ലിയെ പാക്കിസ്ഥാൻ പുറത്താക്കുന്നത് ഇതാദ്യമായാണ്.
ഷഹീനെതിരായ ഒരു സിക്സ് ഉൾപ്പെടെ 49 പന്തിൽ 57 റണ്‍സ് ആയിരുന്നു കോഹ്ലിയുടെ സന്പാദ്യം. അഞ്ചു ഫോറും അദ്ദേഹത്തിന്റെ ബാറ്റിൽനിന്നു പിറന്നു. ഹാർദിക് പാണ്ഡ്യക്ക് (എട്ട് പന്തിൽ 11) കാര്യമായൊന്നു ചെയ്യാൻ സാധിച്ചില്ല. അഞ്ച് റണ്‍സുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു, ഇന്ത്യൻ ഇന്നിംഗ്സ് 20 ഓവറിൽ 151ലും.
ഇന്ത്യ x പാക്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ രാജ്യാന്തര വേദിയിലെ 200-ാം ക്രിക്കറ്റ് മത്സരമായിരുന്നു ഇന്നലെ നടന്ന ട്വന്റി-20 ലോകകപ്പ് പോരാട്ടം. ചിരവൈരികളായ ഇരു രാജ്യങ്ങളും തമ്മിൽ 59 ടെസ്റ്റും 132 ഏകദിനവും കളിച്ചു.
ഇന്നലെ നടന്നത് ഇരു ടീമുകളും തമ്മിലുള്ള ഒന്‍പതാം ട്വന്റി-20യായിരുന്നു. ലോകകപ്പ് വേദിയിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർവന്ന 13-ാം മത്സരമായിരുന്നു ഇന്നലത്തേത്. അതിൽ ട്വന്റി-20യിൽ അഞ്ചും എകദിനത്തിൽ ഏഴും ജയം ഇന്ത്യ നേടി.
ഗോൾഡൻ
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഗോൾഡൻ ഡെക്ക് ആകുന്നത് ഇത് മൂന്നാം തവണ, ലോകകപ്പിൽ ആദ്യത്തേതും. 2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും 2012ൽ ഓസ്ട്രേലിയയ്ക്കെതിരേയുമാണ് രോഹിത് മുന്‍പ് ഗോൾഡൻ ഡെക്ക് ആയിട്ടുള്ളത്.
ട്വന്റി-20 ലോകകപ്പിൽ ഗോൾഡൻ ഡെക്ക് ആകുന്ന അഞ്ചാമത് ഇന്ത്യൻ ബാറ്ററാണ് രോഹിത്. ദിനേശ് കാർത്തിക് (2007), മുരളി വിജയ് (2010), ആശിഷ് നെഹ്റ (2010), സുരേഷ് റെയ്ന (2016) എന്നിവരാണ് ലോകകപ്പിൽ ഗോൾഡൻ ഡെക്ക് ആയവർ.
കോഹ്ലി No: 1
ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ കോഹ്ലിയുടെ 10-ാമത് അർധസെഞ്ചുറിയായിരുന്നു പാക്കിസ്ഥാനെതിരേ സ്വന്തമാക്കിയ 57 റണ്‍സ്. ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി എന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (9), ശ്രീലങ്കയുടെ മഹേല ജയവർധന (7) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പാക് ജയം
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ നേടുന്ന ആദ്യ ജയമാണിത്. ട്വന്റി-20 ലോകകപ്പിൽ മുന്‍പ് അഞ്ച് തവണ ഇരു ടീമുകളും നേർക്കുനേർവന്നപ്പോൾ അഞ്ചിലും ഇന്ത്യക്കായിരുന്നു ജയം. ഏകദിന ലോകകപ്പിൽ ഏഴ് തവണ മുഖാമുഖം ഏറ്റുമുട്ടിയത്തിൽ ഏഴിലും ഇന്ത്യ വെന്നിക്കൊടിപാറിച്ചു.
13-ാം തവണയാണ് ഇരു ടീമുകളും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയത്. 13ൽ ഇന്ത്യ വീണു. ട്വന്റി-20യിൽ വിവിധ രാജ്യങ്ങൾക്കെതിരേ പാക്കിസ്ഥാൻ 150+ സ്കോർ മുന്‍പ് ഒന്‍പത് തവണ പിന്തുടർന്നതിൽ ഏഴ് തവണയും പരാജയപ്പെടുകയായിരുന്നു എന്നതും മറ്റൊരു വസ്തുത.